'പിന്നിലാവുന്നതല്ല പരാജയം', എട്ടാം ക്ളാസിലെ പിൻബെഞ്ചുകാരന്റെ ഐ.പി.എസ് കഥ

Tuesday 14 October 2025 1:37 AM IST

ടി.കെ.വിഷ്ണുപ്രദീപ്

കൊല്ലം: പിന്നിലാവുന്നതല്ല, മറിച്ച് മുന്നേറാൻ ശ്രമിക്കാത്തതാണ് പലരുടെയും പരാജയമെന്ന് കുഞ്ഞുണ്ണി മാഷ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ തോൽക്കാൻ തയ്യാറല്ലാത്ത മനസുമായാണ് കൊല്ലം റൂറൽ എസ്.പി ടി.കെ.വിഷ്ണുപ്രദീപ് പേരിനൊപ്പം 'ഐ.പി.എസ്" എന്ന മൂന്നക്ഷരം കൂട്ടിച്ചേർത്തത്. കാസർകോട് കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ളാസിലെ പിൻബെഞ്ചിൽ ഉപേക്ഷിച്ച സ്വപ്നം 27-ാം വയസിൽ നേടിയെടുത്തപ്പോൾ തുടർച്ചയായുള്ള പരാജയങ്ങളോ കളിയാക്കലുകളോ അദ്ദേഹത്തിന് വിലങ്ങുതടിയായില്ല.

കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറിയായിരുന്ന കാഞ്ഞങ്ങാട് മാവുങ്കാലിൽ അഡ്വ. ടി.കെ.സുധാകരന്റെയും എലിസബത്തിന്റെയും രണ്ടു മക്കളിൽ മൂത്തയാളാണ് ടി.കെ.വിഷ്ണുപ്രദീപ് (35). മലയാളം മീഡിയത്തിലെ പിൻനിരക്കാരന്റെ മനസിൽ സിവിൽ സർവീസ് എന്ന മോഹമുദിക്കാൻ കാരണമായത് അന്ന് സ്കൂളിലെത്തിയ കളക്ടർ രാജുനാരായണസ്വാമിയാണ്. കൂട്ടുകാരോട് ആഗ്രഹം പറഞ്ഞപ്പോൾ കളിയാക്കി. അതോടെ സ്വപ്നം ക്ളാസ് മുറിയിൽ തന്നെ ഉപേക്ഷിച്ചു. പ്ളസ്ടുവിനുശേഷം തിരുവനന്തപുരത്ത് മോഹൻദാസ് എൻജിനിയറിംഗ് കോളേജിൽ ചേർന്നു. ചെന്നൈയിലും ബംഗളൂരുവിലുമായി രണ്ടുവർഷം സോഫ്ട്‌വെയർ എൻജിനിയർ.

ബംഗളൂരുവിൽ വച്ച് സുഹൃത്ത് നിജിത്ത് സമ്മാനിച്ച ഐ.എ.എസുകാരനായ എസ്.ഹരികിഷോർ എഴുതിയ 'നിങ്ങൾക്കും ഐ.എ.എസ് നേടാം" എന്ന പുസ്തകം വായിച്ചതോടെ,​ പിൻബെഞ്ചിൽ ഉപേക്ഷിച്ച പഴയ സ്വപ്നം വീണ്ടും പൊടിത്തട്ടിയെടുത്തു. ഒടുവിൽ നാലം ശ്രമത്തിൽ ലക്ഷ്യത്തിലെത്തി.

ഒറ്റപ്പാലം എ.എസ്.പിയായിട്ടാണ് കേരള കേഡറിലെത്തിയത്. സിവിൽ സർവീസ് മോഹവുമായി പരിചയപ്പെട്ട ഡോ. അഞ്ജലിയാണ് ഭാര്യ. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് ചെയ്യുന്നു. അനുജൻ സിദ്ധാർത്ഥൻ അഭിഭാഷകനാണ്.

ജോലി ഉപേക്ഷിച്ച് പഠനം

 2014ൽ പ്രിലിമിനറി പരീക്ഷ വിജയിച്ചു, മെയിൻ പരീക്ഷയിൽ പരാജയം

 2015ൽ വീണ്ടും എഴുതി വിജയിച്ചു, ഇന്റർവ്യൂവിൽ പരാജയം

 2016ൽ വീണ്ടുമെഴുതി, ചെറിയ മാർക്കിന് മെയിൻ പരീക്ഷയിൽ തോറ്റു

 ജർമ്മനിയിൽ പോകാൻ പ്രോജക്ട് ഓഫറുണ്ടായിട്ടും ഒരിക്കൽ കൂടി എഴുതാൻ തീരുമാനിച്ചു

 2017ൽ 604-ാം റാങ്കോടെ സിവിൽ സർവീസ് സ്വന്തമാക്കി

ഡെങ്കിയെ തോൽപ്പിച്ച് സ്വപ്നനേട്ടം 2016ൽ ചില്ലറ ആരോഗ്യപ്രശ്നങ്ങളുമായി ചെന്നൈയിൽ സിവിൽ സർവീസ് പരീക്ഷയെഴുതാൻ പോയ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ അന്ത്യം. പൊതുഗതാഗതം നിശ്ചലമായപ്പോൾ സാഹസികമായി ബൈക്കിൽ സഞ്ചരിച്ചാണ് പരീക്ഷയെഴുതിയത്. 2017ൽ തിരുവനന്തപുരത്ത് പ്രിലിമിനറി എക്സാം എഴുതാൻ പോയത് കടുത്ത ഡെങ്കി ബാധിതനായി. മരുന്ന് കഴിച്ചശേഷം പരീക്ഷയെഴുതി, വിജയിച്ചു.

 ഓരോ തവണയും പരാജയപ്പെട്ടപ്പോൾ നിരുത്സാഹപ്പെടുത്താനാണ് കൂടുതൽപേരും ശ്രമിച്ചത്. ആ മുന്നേറ്റമാണ് വിജയത്തിലെത്തിച്ചത്.

- ടി.കെ.വിഷ്ണുപ്രദീപ്