ഇല്ല, ഞാനിറങ്ങാം; സ്വയം സന്നദ്ധനായി സോണി, പക്ഷേ...

Tuesday 14 October 2025 12:40 AM IST

കൊല്ലം: ഇടിയും മിന്നലുമായി മഴ തിമിർത്തു പെയ്യുമ്പോൾ വിശ്രമമില്ലാതെ അതുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തനങ്ങളിലായിരുന്നു കൊട്ടാരക്കര ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സോണി.എസ്.കുമാർ. കിണറാഴത്തിൽ ജീവനുവേണ്ടി പിടഞ്ഞ അർച്ചനയെ രക്ഷിക്കുന്നതിനിടയിലാണ് സോണിയെയും അപ്രതീക്ഷിതമായി മരണം കൂട്ടിക്കൊണ്ടുപോയത്. സഹപ്രവർത്തകൻ കിണറ്റിലേക്ക് ഇറങ്ങാൻ തയ്യാറായെങ്കിലും അത് തടഞ്ഞാണ് സോണി ഇറങ്ങിയത്.

ഞായറാഴ്ച രാവിലെ ഒൻപതിന് കൊട്ടാരക്കര ഫയർ സ്റ്റേഷനിൽ ഡ്യൂട്ടിക്ക് എത്തിയതാണ് സോണി. ഇന്നലെ രാവിലെ ഒൻപത് വരെയായിരുന്നു ഡ്യൂട്ടി സമയം. ഞായറാഴ്ച വൈകിട്ട് മഴ കനത്തപ്പോൾ മുതൽ തിരക്ക് ആരംഭിച്ചു. വൈകിട്ട് അഞ്ചോടെ ആയൂർ ഭാഗത്ത് വീടിന് തീപടർന്നുവെന്ന ഫോൺ കോളെത്തി. ഉടൻ സോണിയും സംഘവും ആയൂരിലെത്തി. തീയണച്ച്, ഓഫീസിൽ തിരികെയെത്തി.

അല്പനേരം ഭാര്യ അശ്വതിയോടും മകൾ ഹൃദ്യയോടും ഫോണിൽ സംസാരിച്ചു. ഇതിനിടെ എട്ടരയോടെ കൊട്ടാരക്കര കരിക്കം ഭാഗത്ത് ബൈക്കിന് മുകളിൽ മരം വീണതായി അറിയിപ്പെത്തി. ഉടൻ അവിടേക്ക് കുതിച്ചു. മരം വെട്ടിമാറ്റി, ഗതാഗത തടസം നീക്കി എത്തുമ്പോഴേക്കും മൈലം ഇഞ്ചക്കാട് ഭാഗത്ത് മഴവെള്ളം കയറുന്നതായി അടുത്ത വിളിയെത്തി. രാത്രി വൈകിയാണ് അവിടെ നിന്ന് മടങ്ങാനായത്.

തിരികെവരുമ്പോൾ മൈലത്തുവച്ച് നെടുവത്തൂർ ആനക്കോട്ടൂരിൽ യുവതി കിണറ്റിൽ ചാടിയെന്ന അറിയിപ്പ് ലഭിച്ചു. സോണിയും സംഘവും ഫയർസ്റ്റേഷനിൽ കയറാതെ വാഹനം അവിടേക്ക് വിട്ടു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഹരിരാജിന്റെ നേതൃത്വത്തിൽ സോണിയും ജയകൃഷ്ണനും രാധാകൃഷ്ണപിള്ളയും സുഫൈലുമാണ് സംഘത്തിലുണ്ടായിരുന്നത്.

ആനക്കോട്ടൂരിൽ കിണറ്റിൽചാടിയ അ‌ർച്ചനയുടെ വീട്ടിലെത്തിയപ്പോൾ ജയകൃഷ്ണൻ കിണറ്റിലിറങ്ങാൻ തയ്യാറായതാണ്. എന്നാൽ താനിറങ്ങാമെന്നുപറഞ്ഞ് സോണി ഇറങ്ങുകയായിരുന്നു. താഴെയെത്തി അർച്ചനയെ വലയിൽ കയറ്റി മുകളിലേക്ക് ഉയർത്തിത്തുടങ്ങി. ഏഴടി പൊക്കത്തിലെത്തിയപ്പോഴേക്കും കിണറിന്റെ പാർശ്വഭിത്തി ഇടിഞ്ഞ് കിണറ്റിലേക്ക് പതിക്കുകയായിരുന്നു.