മികവോടെ കുസാറ്റ്; രാജ്യത്തിനു മാതൃക

Tuesday 14 October 2025 1:42 AM IST

കൊച്ചി: കേരളത്തിന് അഭിമാനത്തോടെ ഉയർത്തിക്കാട്ടാവുന്ന സർവകലാശാലയായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്). 140ലേറെ അക്കാഡമിക് പ്രോഗ്രാമുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന കുസാറ്റ് സമീപകാലത്ത് ദേശീയ - സംസ്ഥാന തലങ്ങളിൽ ഉജ്ജ്വല നേട്ടവും ഉണ്ടാക്കി. സ്റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ ആറാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ കുസാറ്റ് ഓൾ ഇന്ത്യ യൂണിവേഴ്‌സിറ്റി റാങ്കിംഗിൽ 32-ാം സ്ഥാനത്തേക്കും ഉയർന്നത് അടുത്തകാലത്താണ്.

 വിദേശ വിദ്യാർത്ഥികളുടെ വരവ്

അമേരിക്ക, ന്യൂസിലൻഡ്, ശ്രീലങ്ക, നൈജീരിയ, അയർലൻഡ്, നേപ്പാൾ തുടങ്ങി 30ലേറെ രാജ്യങ്ങളിൽ നിന്നായി 57 വിദ്യാർത്ഥികൾ വിവിധ കോഴ്‌സുകളിലും ഗവേഷണത്തിനുമായി കുസാറ്റിലുണ്ട്. അടിക്കടി പരിഷ്‌കരിക്കപ്പെടുന്ന അക്കാഡമിക് സംവിധാനങ്ങളും മികച്ച ഭൗതിക സാഹചര്യങ്ങളുമാണ് വിദേശ വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിപ്പിക്കുന്നത്.

 പുത്തൻ കോഴ്‌സുകൾ ഓരോ അക്കാഡമിക് ഇയറിലും പുത്തൻ കോഴ്‌സുകളും നിലവിലുള്ള ബ്രാഞ്ചുകളോ സജ്ജമാക്കി അവതരിപ്പിക്കുന്നതിൽ കുസാറ്റ് എപ്പോഴും മുൻപന്തിയിലാണ്. ഇതിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയയിലെ ജെയിംസ് കുക്ക് സർവകലാശാലയുമായി ചേർന്ന് ഇന്റർനാഷണൽ ഡ്യുവൽ മാസ്‌റ്റേഴ്‌സ് ഇൻ മാനേജ്‌മെന്റ് എന്ന പുതിയ കോഴ്‌സ് ആരംഭിച്ചത്. തുടക്കത്തിൽ തന്നെ കോഴ്‌സിലേക്ക് വിദ്യാർത്ഥികളെത്തി. റഷ്യയിലെ ലെറ്റി യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഡ്യുവൽ മാസ്‌റ്റേഴ്സ് ഇൻ ന്യൂ ജനറേഷൻ ഇലക്ട്രോണിക് കംമ്പോണന്റ്സ് കോഴ്‌സും പുതുതായി നടപ്പിലാക്കി. എക്‌സിക്യൂട്ടീവ് എം.ടെക് കമ്പ്യൂട്ടർ സയൻസ്, ഇന്റഗ്രേറ്റഡ് എം.എസ്‌സി ഇൻ എൻവയോൺമെന്റൽ സയൻസസ്, അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.സി.എ പ്രേഗ്രാാം എന്നിവയെല്ലാം കുസാറ്റിൽ പരീക്ഷിച്ചു വിജയിച്ച കോഴ്‌സുകളാണ്. ഡിസംബറിൽ നടക്കുന്ന 'ക്യാറ്റ്' എൻട്രൻസ് പരീക്ഷയിലൂടെയാണ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം. 500നടുത്ത് അദ്ധ്യാപകരാണ് സർവകലാശാലയുടെ അക്കാഡമിക് മികവിനു പിന്നിൽ.