വിദ്യാഭ്യാസ മേഖലയിൽ നവോത്ഥാന നായകർ വഹിച്ച പങ്ക് വലുത്: മുഖ്യമന്ത്രി

Tuesday 14 October 2025 1:52 AM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയെ ഏറ്റവും മികച്ചതാക്കിയതിൽ നവോത്ഥാന നായകർ വഹിച്ച പങ്ക് വളരെവലുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുകാലത്ത് കേരളത്തിലെ ബഹുഭൂരിപക്ഷവും അക്ഷരജ്ഞാനം ഇല്ലാത്തവരായിരുന്നു. ഒരു വിഭാഗത്തിന് അക്ഷരാഭ്യാസം നിഷിദ്ധമായിരുന്നു. ഇന്നുകാണുന്ന സമൂഹമായി മാ​റ്റിയെടുക്കുന്നതിന് ബോധപൂർവമായ ഇടപെടലുകളുണ്ടായി. ഒരു ഘട്ടത്തിൽ,​ ഇനി വിദ്യാലയങ്ങളാണ് ആരംഭിക്കേണ്ടതെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേര് പ്രത്യേകം പരാമർശിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

'വിഷൻ 2031' പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാവിവികസന ലക്ഷ്യങ്ങൾ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്റി. ഇ.എം.എസിന്റെ നേതൃത്വത്തിൽ ആദ്യ സർക്കാരാണ് കേരളത്തിൽ അഭിമാനകരമായ വിദ്യാഭ്യാസ മേഖലയ്ക്ക് അടിത്തറയിടുന്നത്. സ്‌കൂളുകളിൽ ഫീസ് നൽകേണ്ടതില്ലെന്നുവന്നപ്പോൾ പാവപ്പെട്ട കുട്ടികൾക്ക് പഠിക്കാൻ അവസരം ലഭിച്ചു. ആ ആനുകൂല്യം അനുഭവിച്ചു പഠിച്ചവരായിരുന്നു ഞങ്ങളുടെ തലമുറയും. ഒരു ഘട്ടത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്ക് രൂക്ഷമായിരുന്നു. 2016ൽ ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ വലിയ മാ റ്റങ്ങളുണ്ടായി.

മന്ത്റി വി.ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ആന്റണി രാജു എം.എൽ.എ, പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ.കെ.വാസുകി,ഡയറക്ടർ എൻ.എസ്.കെ.ഉമേഷ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജയപ്രകാശ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ.മിനി സുകുമാർ, കൈ​റ്റ് സി.ഇ.ഒ അൻവർ സാദത്ത്,എസ്.എസ്.കെ സ്റ്റേ​റ്റ് പ്രോജക്ട് ഓഫീസർ ഡോ.സുപ്രിയ തുടങ്ങിയവർ പങ്കെടുത്തു.