ഹിജാബ് പ്രശ്നത്തിൽ സംഘർഷം: സെന്റ് റീത്താസ് സ്കൂൾ അടച്ചു #ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം

Tuesday 14 October 2025 1:55 AM IST

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ എട്ടാം ക്ളാസ് വിദ്യാർത്ഥിനി ഹിജാബ് ധരിച്ചെത്തിയതുമായി ബന്ധപ്പെട്ട സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലും പരിസരത്തും ക്രമസമാധാനം ഉറപ്പാക്കാൻ ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. സ്കൂൾ അധികൃതർ നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷിന്റെ ബെഞ്ച് സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും പെൺകുട്ടിയുടെ രക്ഷിതാവായ പി.എം. അനസിനും നോട്ടീസയച്ചു.

സ്കൂളിന് ഇന്നലെയും ഇന്നും അധികൃതർ അവധി നൽകി. നാളെ തുറക്കുമെന്നും പരീക്ഷകൾ നടത്തുമെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന പറഞ്ഞു.

വിദ്യാർത്ഥിനി മറ്റൊരു സ്കൂളിൽ നിന്നാണ് ഇവിടേക്ക് വന്നത്. നാലു മാസം മുഖം മറയ്‌ക്കാതെയാണ് എത്തിയിരുന്നത്.

കഴിഞ്ഞയാഴ്ച സ്കൂൾ നയങ്ങൾക്ക് വിരുദ്ധമായി മുഖം മറച്ചെത്തിയെന്നാണ് ആരോപണം. അദ്ധ്യാപകർ എതിർത്തിട്ടും അവഗണിച്ചു. 10ന് രാവിലെ രക്ഷിതാവായ അനസും മറ്റ് ആറുപേരും ചോദ്യം ചെയ്യാനെത്തി. ഗേറ്റിൽ തടഞ്ഞ സെക്യൂരിറ്റിയെ കൈയേറ്റം ചെയ്തെന്നും പരാതിയുണ്ട്. കൂടുതൽ ആളുകളെത്തുകയും പ്രിൻസിപ്പലിനെയും കന്യാസ്ത്രീകളടക്കമുള്ള അദ്ധ്യാപകരെയും പി.ടി.എ ഭാരവാഹികളെയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തെന്ന് ഹർജിയിൽ പറയുന്നു. സമുദായത്തിലെ മറ്റ് രക്ഷിതാക്കളെ വിളിച്ചുചേർത്ത്, കുട്ടികളെ ഹിജാബ് അണിയിക്കണമെന്ന് നിർബന്ധിക്കുന്നതായും ഹ‌ർജിയിൽ ആരോപിച്ചു. കേസ് രജിസ്റ്റർ ചെയ്യണമെന്നും പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. മത സൗഹാർദ്ദം തകർക്കാനുള്ള ശ്രമം തുടരുകയാണെന്നും ഹർജിയിൽ പറയുന്നു.

പള്ളുരുത്തി പൊലീസ് ഇന്നലെ കേസെടുത്തു. ഡി.ഡിക്ക് റിപ്പോർട്ട് നൽകുമെന്ന് മട്ടാഞ്ചേരി എ.ഇ.ഒ സുധ പറഞ്ഞു.

സി.ബി.എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്കൂൾ, അഗസ്റ്റീനിയൻ സന്ന്യാസിനി സമൂഹത്തിന്റെ കീഴിലാണ്. എറണാകുളം ജില്ലയിൽ മികവിനും അച്ചടക്കത്തിനും പേരുകേട്ട വിദ്യാലയമാണിത്. യൂണിഫോം മാനദണ്ഡങ്ങളടക്കം അഡ്മിഷൻ സമയത്ത് രക്ഷിതാക്കൾ അംഗീകരിച്ച് ഒപ്പിട്ടുനൽകുന്നതാണ്. ഹർജി നവംബർ 10ന് പരിഗണിക്കാൻ മാറ്റി.