നിലവിളി ശബ്ദം കേട്ട് ഉണർന്നു
കൊല്ലം: 'വലിയ നിലവിളി ശബ്ദംകേട്ടാണ് ഉണർന്നത്, ഇരുട്ടായിട്ടും മുറ്റത്തേക്കിറങ്ങി. കിണറ്റിൽ ആരോ വീണതാണെന്ന് മനസിലായി ഓടിച്ചെല്ലുകയായിരുന്നു."- അർച്ചനയുടെ അയൽവാസി ആനക്കോട്ടൂർ എസ്.ബി.ഭവനിൽ പി.ബാബു (58) പറഞ്ഞു. ബാബുവെത്തി മിനിട്ടുകൾക്കകം ഫയർഫോഴ്സ് സംഘവുമെത്തി. ഒട്ടും വൈകാതെയായിരുന്നു രക്ഷാപ്രവർത്തനം. കിണറിന്റെ കപ്പി ഇടാനുള്ള പൈപ്പിലും തൂണുകളിലുമായി വടംകെട്ടിയശേഷമാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ഇറങ്ങിയത്. അർച്ചനയെ മുകളിലേക്ക് കയറ്റുമ്പോഴായിരുന്നു എല്ലാംകൂടി ഇടിഞ്ഞ് വീണത്. 'ശിവകൃഷ്ണനോട് പല തവണ മാറിനിൽക്കാൻ ഉദ്യോഗസ്ഥർ പറഞ്ഞിട്ടും അയാൾ കൂട്ടാക്കിയില്ല. അപ്പോഴും കിണറ്റിൽ നിന്ന് അർച്ചനയുടെ നിലവിളി കേൾക്കാമായിരുന്നു'- ബാബു പറഞ്ഞു. അർച്ചനയുടെ വീട്ടിൽ പലരും വന്നുപോകുന്നത് കാണുമ്പോൾ കുട്ടികളുടെ ഭാവിയെപ്പറ്റി ബാബുവിനും ആശാവർക്കറായ ഭാര്യ ശശികലയ്ക്കും ആശങ്കയുണ്ടായിരുന്നു. പഞ്ചായത്ത് അധികൃതരുമായി വിഷയം സംസാരിച്ചിട്ടുമുണ്ട്. എന്നാൽ പരിഹാരം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. മിക്കപ്പോഴും വീട്ടിൽ വഴക്ക് കൂടുന്ന ബഹളം കേൾക്കാറുണ്ടെങ്കിലും അയൽക്കാരൊന്നും ഇടപെട്ടിരുന്നില്ല.