അർച്ചനയ്ക്ക് ആൺ സുഹൃത്തിൽ നിന്ന് ക്രൂരമർദ്ദനം

Tuesday 14 October 2025 1:09 AM IST

കൊല്ലം: സ്വന്തം വീട്ടിൽ ആൺ സുഹൃത്തിൽ നിന്ന് ക്രൂര മ‌ർദ്ദനമേറ്റതിനെ തുടർന്നാണ് അർച്ചന ജീവനൊടുക്കിയത്. രാത്രി പത്ത് മുതൽ ശിവകൃഷ്ണൻ തീർത്തും മദ്യ ലഹരിയിൽ ലക്കുകെട്ടിരുന്നു. തുടർന്നാണ് അർച്ചന മദ്യക്കുപ്പി ഒളിപ്പിച്ചുവച്ചത്. ഇതോടെ കുപിതനായ ശിവകൃഷ്ണൻ കുട്ടികൾ കിടന്നിരുന്ന ഭാഗത്തെത്തി കുപ്പി എവിടെയെന്ന് തിരക്കി. കുട്ടികളുടെ മുന്നിൽ വച്ചുതന്നെ അർച്ചനയെ അടിച്ചു. തലമുടിയിൽ കുത്തിപ്പിടിച്ച് വീണ്ടും അടിച്ചു. മുഖത്ത് ആഞ്ഞടിച്ചപ്പോൾ വായപൊട്ടി ചോര പുറത്തേക്ക് തെറിച്ചു. പല്ലിൽ കമ്പിയിട്ടിരുന്നത് പൊട്ടി മേൽച്ചുണ്ടിൽ തറച്ചാണ് ചോര തെറിച്ചത്. കട്ടിലിലേക്ക് വീണ അർച്ചനയെ മുടിയിൽ പിടിച്ച് താഴേക്ക് വലിച്ചിട്ടു. ഇളയമകൾ അനുശ്രീയുടെ ബാഗ് കുടഞ്ഞിട്ട ശേഷം ഇതിലെ സ്റ്റീൽ കുപ്പിയെടുത്തു. അനുശ്രീയെ അടിക്കാൻ തുടങ്ങിയതോടെ അർച്ചന വീണ്ടും തടസം പിടിച്ചു. വീണ്ടും അടികൊണ്ടപ്പോഴാണ് അർച്ചന സഹികെട്ട് കിണറ്റിൽ ചാടിയതെന്ന് കുട്ടികൾ പുത്തൂർ പൊലീസിനോട് പറഞ്ഞു. ശിവകൃഷ്ണന്റെ സുഹൃത്ത് അക്ഷയ്, ഭാര്യ അഞ്ജു എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു മർദ്ദനം. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി മൊഴി രേഖപ്പെടുത്തി.