ചോക്ളേറ്റില്ലാതെ അച്ഛൻ ഹൃദ്യയ്ക്കരികിൽ
കൊല്ലം: അവധി ദിനത്തിൽ അച്ഛനടുത്ത് ഇല്ലാത്തതിന്റെ പരിഭവങ്ങളെല്ലാം ഇത്തിരിനേരം കൊണ്ട് മൂന്ന് വയസുകാരി ഹൃദ്യ പങ്കുവച്ചിരുന്നു. രാവിലെ അച്ഛനെത്തുമ്പോൾ ചോക്ളേറ്റ് കൊണ്ടുവരാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചാണ് ഫോൺ വച്ചത്. ഭാര്യ അശ്വതിയോടും മകൾ ഹൃദ്യയോടും കുറച്ച് നേരമേ സോണി വർത്തമാനം പറഞ്ഞുള്ളൂ. തിരക്കുകളൊഴിഞ്ഞ് രാത്രി വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വച്ചു.
കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ വിശ്രമ ഹാളിലെത്തി വിശേഷങ്ങൾ സഹപ്രവർത്തകരോട് പറയുകയും ചെയ്തു. എന്നാൽ രാത്രിയിൽ ഫോൺ വിളിക്കാൻ കഴിയാത്തത്ര തിരക്കായി. ഇഞ്ചക്കാട് വെള്ളം കയറിയ ഭാഗത്തെ രക്ഷാപ്രവർത്തനം കഴിഞ്ഞ് മടങ്ങുമ്പോൾ അർദ്ധരാത്രിയെത്തിയിരുന്നു. ഹൃദ്യമോൾ ഉറങ്ങിയിട്ടുണ്ടാകും, പിറ്റേന്ന് സ്കൂളിൽ പോകേണ്ടതുണ്ടെങ്കിലും രാത്രിയിൽ ഫോൺ വിളിക്കാതെ അദ്ധ്യാപികയായ അശ്വതി ഉറങ്ങാറില്ല. ഈ വിവരങ്ങളെല്ലാം സഹപ്രവർത്തകർക്കും അറിയാം. അതുകൊണ്ടുതന്നെ ഫയർസ്റ്റേഷനിലെത്താനുള്ള തിടുക്കത്തിനിടെയാണ് ആനക്കോട്ടൂരിൽ യുവതി കിണറ്റിൽ വീണുവെന്ന അറിയിപ്പ് വന്നത്. സ്വകാര്യ സന്തോഷങ്ങളെല്ലാം മറന്നുകൊണ്ടാണ് സോണിയും സഹപ്രവർത്തകരും ആനക്കോട്ടൂരിലേക്ക് പാഞ്ഞത്. എന്നാൽ അവിടെ സോണിയുടെ ജീവൻ പൊലിഞ്ഞു.
ചോക്ളേറ്റുമായി അച്ഛൻ വരുന്നതും കാത്തിരുന്ന പൊന്നുമോളുടെ മുന്നിലേക്കാണ് ഇന്നലെ വൈകിട്ടോടെ സോണിയുടെ ചേതനയറ്റ ശരീരമാണെത്തിച്ചത്. തിരുവനന്തപുരം ആറ്റിങ്ങൽ മമതയിൽ (ഹൃദ്യം) അതൊരു കൂട്ടനിലവിളിയിൽ മുങ്ങി. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായി സോണി 2016ലാണ് സർവീസിൽ പ്രവേശിച്ചത്. 2022ൽ കൊട്ടാരക്കരയിൽ ജോയിൻ ചെയ്തു. കൊട്ടാരക്കരയിൽ എത്തും മുമ്പ് ഏലൂർ ഫയർ സ്റ്റേഷനിലായിരുന്നു. പരിമിതമായ സൗകര്യങ്ങളുള്ള ഫയർ സ്റ്റേഷനിൽ ഒരിക്കൽ പോലും പരാതി പറയാതെ, യാതൊരുവിധമായ ദുശീലങ്ങളുമില്ലാതെ എല്ലാവരുമായും കൂട്ടുകൂടിയാണ് സോണി ജോലി ആഘോഷമാക്കിയത്. നാട്ടിലെ പൊതുകാര്യങ്ങളിലും സജീവമായിരുന്നു. ഏത് അപകട സാഹചര്യത്തിലും മുന്നിട്ടിറങ്ങും. അങ്ങിനെയാെരു രക്ഷാ ദൗത്യത്തിലാണ് ജീവൻ പൊലിഞ്ഞത്.
വിതുമ്പലോടെ സഹപ്രവർത്തകർ
ഇന്നലെ ഉച്ചയോടെ കൊട്ടാരക്കര ഫയർ സ്റ്റേഷനിലേക്ക് സോണി.എസ്.കുമാറിന്റെ മൃതദേഹം കൊണ്ടുവന്നപ്പോൾ സഹപ്രവർത്തകർ അറിയാതെ വിതുമ്പിപ്പോയി. ഒരു മണിക്കൂർനേരം വികാര നിർഭര അന്തരീക്ഷമായിരുന്നു. ജോലിയിലെ ആത്മാർത്ഥത, സാഹസികത, ചുറുചുറുക്ക് തുടങ്ങി ഓരോരുത്തർക്കും സോണിയെപ്പറ്റി പറയാൻ നൂറു നാവായിരുന്നു. പ്രത്യേക പന്തലൊരുക്കി, പൂമാലയിട്ട ചിത്രം വച്ചിട്ടാണ് ചേതനയറ്റ ശരീരം സ്റ്റേഷൻ വളപ്പിൽ പൊതുദർശനത്തിന് വച്ചത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരുമടക്കം വൻ ജനാവലി ഇവിടെയുമുണ്ടായിരുന്നു. പുഷ്പ ചക്രങ്ങൾ വച്ചു, പൂക്കൾ വിതറിയും കണ്ണീർ പൊടിച്ചും ആദരാഞ്ജലികൾ അർപ്പിച്ചു. ഫയർഫോഴ്സിന്റെ വാട്ടർ സല്യൂട്ട് നൽകിയാണ് യാത്രഅയപ്പ് നൽകിയത്.