ശുചിത്വ മിഷന്റെ ആദരം

Tuesday 14 October 2025 1:11 AM IST

അമൃതപുരി: 'അമൃതവർഷം 72' നോട് അനുബന്ധിച്ച്, ഹരിതചട്ടം മാതൃകാപരമായി നടപ്പാക്കിയതിനും മികച്ച മാലിന്യ നിർമാർജ്ജന-ശുചീകരണ പ്രവർത്തനങ്ങൾക്കും മാതാ അമൃതാനന്ദമയി മഠത്തിന് ജില്ലാ ശുചിത്വ മിഷൻ പ്രശംസാപത്രം നൽകി ആദരിച്ചു. മൂന്ന് ലക്ഷത്തോളം ഭക്തരും സന്ദർശകരും പങ്കെടുത്ത ആഘോഷം പൂർണമായും കേരള സർക്കാരിന്റെ ഹരിതചട്ട മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് നടത്തിയത്. ദേശീയ ശുചീകരണ ദിനത്തോടനുബന്ധിച്ച് കൊല്ലം ശുചിത്വ മിഷനുമായി സഹകരിച്ച് വിപുലമായ ശുചീകരണ യജ്ഞങ്ങളും മാലിന്യം തരംതിരിക്കൽ, പുനരുപയോഗം തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ജില്ലാ ശുചിത്വ മിഷൻ ടീം അംഗങ്ങളായ കെ.അനിൽകുമാർ, എസ്.എ.ശ്രുതി, ആർ.വിനോദ്, എ.ഷാനവാസ്, എൽ.ശൈലജ, തൊടിയൂർ രാധാകൃഷ്ണൻ, എസ്.ഗണേഷ് എന്നിവർ ചേർന്നാണ് പ്രശംസാപത്രം കൈമാറിയത്.