കാഷ്യു കോൺക്ളേവ് തട്ടിപ്പെന്ന്

Tuesday 14 October 2025 1:12 AM IST

കൊല്ലം: കൊല്ലത്ത് നടക്കുന്ന കാഷ്യു കോൺക്ളേവ് തട്ടിപ്പാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയും ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദും ആരോപിച്ചു. പൂട്ടിയ ഫാക്ടറികൾ തുറന്ന് ജോലി കൊടുക്കാൻ കഴിയാത്തവ‌ർ കോൺക്ളേവ് നടത്തി തൊഴിലാളികളുടെ കണ്ണിൽ പൊടിയിടുകയാണ്. 864 ഫാക്ടറികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ നൂറിൽപ്പരം ഫാക്ടറികളാണ് പ്രവ‌ർത്തിക്കുന്നത്. ഒന്നരലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. അവരുടെ കുടുംബങ്ങൾക്ക് ഇ.എസ്.ഐ പരിരക്ഷ നഷ്ടമായി. കശുഅണ്ടി മേഖലയിലെ പുനരുദ്ധാരണത്തിനും പഠനത്തിനും മൂന്നംഗ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ പഠനമെന്തായെന്നുപോലും അറിവില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. കേരള കശുഅണ്ടി തൊഴിലാളി കോൺഗ്രസ് യൂണിയൻ ജനറൽ സെക്രട്ടറി സവിൻ സത്യനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.