ചരിത്രമെഴുതി ദേവസഹായം പള്ളി,​ 103 വയസുകാരിയുടെ മൃതദേഹം ദഹിപ്പിച്ചു

Tuesday 14 October 2025 1:14 AM IST

ചവറ: തേവലക്കര അരിനല്ലൂർ മുട്ടം വിശുദ്ധ ദേവസഹായം പള്ളിയിൽ ശവസംസ്കാരം കല്ലറയിൽ നടത്തുന്നതിന് പകരം ദഹിപ്പിച്ചു. നൂറ്റിമൂന്നാം വയസ്സിൽ അന്തരിച്ച തേവലക്കര അരിനല്ലൂർ മുട്ടത്ത് ചരുവിൽ തേക്കിലയുടെ മൃതദേഹമാണ് പള്ളിയിൽ സംസ്കാര ശുശ്രുഷകൾക്ക് ശേഷം പള്ളി കോമ്പൗണ്ടിൽ ദഹിപ്പിച്ചത്.

നാളുകളായി ദേവസഹായം പള്ളിയുടെ പരിധിയിലുള്ള വിശ്വാസികൾ ആരെങ്കിലും മരിച്ചാൽ സംസ്കാര ശുശ്രൂഷ പള്ളിയിൽ നടത്തിയ ശേഷം അരിനല്ലൂർ പള്ളിയിൽ സംസ്കരിക്കുകയായിരുന്നു പതിവ്. മലിനീകരണ പ്രശ്നം ചൂണ്ടിക്കാട്ടി ചിലർ എതിർപ്പുമായി രംഗത്തെത്തിയതോടെ കത്തോലിക്ക സഭയും ഇടവക വിശ്വാസികളും പള്ളി ഭാരവാഹികളും ഐക്യത്തോടെ ദഹിപ്പിക്കാനുള്ള തീരുമാനമെടുക്കുകയായിരുന്നു.

ഇടവക വികാരി ഫാ. മാത്യു കിണറുവിള സംസ്കാര ശുശ്രൂഷയ്ക്ക്‌ നേതൃത്വം നൽകി. അരവിള പള്ളി വികാരി ഫാ. ലാസർ.എസ് പട്ടകടവിന്റെയും കെ.പി.സി.സി സെക്രട്ടറി അഡ്വ. പി.ജർമിയാസിന്റെയും പിതൃസഹോദരിയാണ് തേക്കില. പന്മന ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി മുട്ടം പ്രസാദിന്റെ അമ്മയും മണലിൽ വർഗീസ് വൈദ്യന്റെ മകളുമാണ്.