യോഗ, മോഡലിംഗ്, നൃത്തം സ്റ്റാർ ആൻ ദേശീയ പാരാസ്വിമ്മിംഗിലേക്ക്
ഭിന്നശേഷി വിഭാഗം മോഡലിംഗിലും നൃത്തത്തിലും മിന്നുംതാരവുമായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആൻ മൂക്കൻ ദേശീയ പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിനായി ഹെെദരാബാദിലേക്ക്. 15 മുതൽ 18 വരെ നടക്കുന്ന 100 മീറ്റർ ഫ്രീ സ്റ്റെെൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ നീന്തലിലാണ് മത്സരിക്കുന്നത്. സംസ്ഥാന പാരാ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ ഫ്രീ സ്റ്റെെൽ ജൂനിയർ വിഭാഗത്തിൽ സ്വർണമെഡൽ നേടിയാണ് യാേഗ്യത നേടിയത്.
2023ലും 2025ലും സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ നടത്തിയ യോഗ ഒളിമ്പ്യാഡിൽ പങ്കെടുത്താണ് താരമായത്.പോണ്ടിച്ചേരിയിലെ അന്താരാഷ്ട്ര യോഗ ഒളിമ്പ്യാഡിൽ 1000ൽപരം സാധാരണ കുട്ടികളോടൊപ്പമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. സംസ്ഥാന ഭിന്നശേഷി വകുപ്പിന്റെ മികച്ച സർഗാത്മക ബാലികാ അവാർഡ് ജേതാവുമായി. ഈ വർഷം യോഗാദിനത്തിൽ തെലങ്കാനയിലെ സെക്കന്തരാബാദിൽ നടന്ന അന്താരാഷ്ട്ര യോഗാദിനാഘോഷത്തിൽ കേന്ദ്ര സാമൂഹികനീതി മന്ത്രി ഡോ. വീരേന്ദ്രകുമാറിൽനിന്ന് ആദരമേറ്റുവാങ്ങി.
കൊച്ചിയിൽ ഈ വർഷം നടന്ന മൂന്നാമത് ദേശീയ ഡൗൺ സിൻഡ്രോം അത്‌ലറ്റിക് മീറ്റിൽ 50 മീറ്റർ നടത്തത്തിൽ വെള്ളിമെഡലും സ്വന്തമാക്കി. ജില്ലാ സ്‌പെഷ്യൽ ചൈൽഡ് അത്‌ലറ്റിക് മീറ്റ് 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ, കേരള സ്റ്റേറ്റ് സ്‌പെഷ്യൽ ഒളിമ്പിക്‌സ് ഭാരത് 2024, 50 മീറ്റർ ഓട്ടത്തിൽ സ്വർണമെഡലും 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.
ഫാഷൻ ഷാേയിലും താരം
ന്യൂഡൽഹിയിൽ സായുധ സേനയുടെ ദേശീയ ഫാഷൻ ഷോയിൽ പങ്കെടുക്കാൻ കേരളത്തിൽ നിന്ന് ക്ഷണം ലഭിച്ച രണ്ട് വിദ്യാർത്ഥികളിൽ ഒരാളായിരുന്നു ആൻ. കൊൽക്കത്തയിലെ ദേശീയ ഫാഷൻ ഷോയിലും പങ്കെടുക്കാനായി. ടി.വി ചാനലുകളിലെ ഫാഷൻ പ്രോഗ്രാമിലും പങ്കെടുക്കുന്നു. ഗോവ, ബംഗളൂരു, പൂനെ, ചണ്ഡീഗഡ്, റായ്പൂർ, ജയ്പൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നടന്ന നാഷണൽ ഡൗൺസിൻഡ്രോം കോൺഫറൻസുകളിലും മിന്നും പ്രകടനം കാഴ്ചവച്ചു.
പുതൂർക്കര ഹരിശ്രീ നഗർ മൂക്കൻ കുടുംബാംഗവും തൃശൂർ കാൽഡിയൻ സിറിയൻ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ജീൻ മൂക്കന്റെയും കുരിയച്ചിറ മാർ തിമോത്തിയോസ് ഹൈസ്‌കൂൾ അദ്ധ്യാപിക പിൻസി മൂക്കന്റെയും മകളുമാണ്. സഹോദരൻ: താരു മൂക്കൻ.