മുല്ലപ്പെരിയാറിൽ സുപ്രീംകോടതി, ഡാം ശക്തിപ്പെടുത്താൻ മാർഗനിർദ്ദേശം വരും

Tuesday 14 October 2025 1:27 AM IST

 ഡീകമ്മിഷൻ ചെയ്യണമെന്ന ഹർജിയിൽ നോട്ടീസ്

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് ശക്തിപ്പെടുത്താൻ മാർഗനിർദ്ദേശം പുറപ്പെടുവിക്കുമെന്നും, നടപടികളുടെ മേൽനോട്ടത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും വ്യക്തമാക്കി സുപ്രീംകോടതി. സേവ് കേരള ബ്രിഗേഡ് സംഘടന, അഡ്വ. റസൽ ജോയ് മുഖേന സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിക്കവെയാണിത്.

130ൽപ്പരം വർഷം പഴക്കമുള്ള അണക്കെട്ട് ഡീകമ്മിഷൻ ചെയ്‌ത് പുതിയത് നിർമ്മിക്കണമെന്നാണ് ആവശ്യം. ഏറ്റവും പഴക്കമുള്ള ഡാമുകളിൽ ഒന്നാണെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് നിരീക്ഷിച്ചു. ജീവഭയത്താൽ കഴിയുന്ന 10 ദശലക്ഷം ജനങ്ങളുടെ വിഷയമെന്ന് ഹർജിക്കാർ വാദിച്ചപ്പോൾ, ആവശ്യമായ മാർഗനിർദ്ദേശമിറക്കാമെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. പുതിയ ഡാം വന്നാൽ തമിഴ്നാടിന് വെള്ളം ലഭ്യമാകുന്നത് നിലയ്‌ക്കുമോയെന്ന് ബെഞ്ചിലെ മലയാളി ജഡ്‌ജി കെ. വിനോദ് ചന്ദ്രൻ ചോദിച്ചു. പാട്ടക്കരാർ റദ്ദാകുമെന്ന് തമിഴ്നാട് വാദിച്ചേക്കും. പ്രശ്‌നം എന്താണെന്ന് കൃത്യമായി വിശദീകരിക്കണമെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രൻ ഹർജിക്കാരോട് ആവശ്യപ്പെട്ടു. പിന്നാലെ കേന്ദ്ര സർക്കാർ, കേരളം, തമിഴ്നാട് തുടങ്ങിയ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. നവംബർ 28ന് വീണ്ടും പരിഗണിച്ചേക്കും.

സുർകി ഉപയോഗിച്ച്

നി‌ർമ്മിച്ച ഡാം

സുർകി ഉപയോഗിച്ചു നി‌ർമ്മിച്ച അണക്കെട്ടാണെന്നും, ഭൂചലനത്തിന്റെ സാദ്ധ്യതയുള്ള മേഖലയാണെന്നും ഹർജിക്കാർ അറിയിച്ചു. ദേശീയ - രാജ്യാന്തര വിദഗ്ദ്ധരടങ്ങിയ സമിതി കോടതി മേൽനോട്ടത്തിൽ ഡാമിന്റെ സുരക്ഷാ പരിശോധന നടത്തണമെന്നും, ജലനിരപ്പ് 142 അടിയിൽ നിന്നു കുറയ്‌ക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.