* ഹാം റേഡിയോയെ കൈവിട്ടില്ല * ഇൻഫോപാർക്ക് പ്രഥമ സി.ഇ.ഒയ്ക്ക് ലോകമെങ്ങും 10,000 കൂട്ടുകാർ!

Tuesday 14 October 2025 2:49 AM IST
കെ.ജി ഗിരീഷ് ബാബു

കൊച്ചി: നൂറിലേറെ രാജ്യങ്ങളിലായി പതിനായിരത്തിലേറെ സുഹൃത്തുക്കൾ. അതും ഹാം റേഡിയോ സമ്മാനിച്ചത് ! ഇൻഫോപാർക്ക് സ്ഥാപക സി.ഇ.ഒയായ കെ.ജി. ഗിരീഷ്ബാബുവിന്റെ സൗഹൃദവലയം റേഡിയോ തരംഗംപോലെ ലോകമാകെ വ്യാപിച്ചുകിടക്കുകയാണ്. 70കളിൽ വിപ്ലവംതീർത്ത ഹാം റേഡിയോയെ ഇ-മെയിൽ മുതൽ ഇൻസ്റ്റ വരെ കളംവാഴുന്ന

ഈ കാലഘട്ടത്തിലും ഹൃദയത്തോട് ചേർത്തുവയ്ക്കുകയാണ് ഗിരീഷ്ബാബു. ദിവസവും പുതിയ സൗഹൃദങ്ങൾ കൂട്ടിച്ചേർത്ത് വിശ്രമജീവിതം ആഘോഷിക്കുന്നതോടൊപ്പം ഹാംറേഡിയോയിലേക്ക് യുവതലമുറയെ ആകർഷിക്കാനുള്ള പരിപാടികളും നടത്താറുണ്ട്.

ഡോക്ടറായിരുന്ന മുത്തച്ഛന്റെ റേഡിയോയാണ്

കുഞ്ഞുഗിരീഷിനെ ഹാം റേഡിയോയിലേക്ക് അടുപ്പിച്ചത്. തൃശൂർ പുന്നയൂർക്കുളം സ്വദേശിയാണെങ്കിലും

വിവിധ ജില്ലകളിലെ സ്കൂളുകളിൽ പഠിക്കാനായിരുന്നു നിയോഗം. പിതാവ് കെ.കെ. ഗോവിന്ദൻ ജില്ലാ ജഡ്ജിയായതിനാലുള്ള സ്ഥലംമാറ്റമായിരുന്നു കാരണം.

എൻജിനിയറിംഗ് പഠനകാലത്താണ് ഹാമിനെ കൂടുതലറിഞ്ഞത്. 1979ൽ ഹാംറേഡിയോ ലൈസൻസും രണ്ടാം ലോകമഹായുദ്ധത്തിൽ ഉപയോഗിച്ച നാഷണൽ എച്ച്.ആർ.ഒ വൺ റേഡിയോയും സ്വന്തമാക്കി. അന്ന് ആദ്യകാൾ പോയത് പാകിസ്ഥാനിലെ ഹാം റേഡിയോ സ്റ്റേഷനിലേക്കായിരുന്നു,

വീട് ഹാം റേഡിയോ

പരീക്ഷണശാല

#ഒരിക്കൽ ഹാംറേഡിയോ സുഹൃത്ത് ഗോപനുമായി ചേർന്ന് ഗിരീഷ്ബാബു സ്വന്തമായി ഹാംറേഡിയോ നിർമ്മിച്ചു. പിന്നീട് അത് ജർമ്മൻകാരനായ സുഹൃത്ത് ബെർനാഡ് സ്റ്റീഫന് സമ്മാനിച്ചു. പഴയ ഹാംറേഡിയോകൾ നിധിപോലെ കാക്കനാട്ടെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അന്നൊക്കെ മോഴ്സ് കോഡ് വഴിയാണ് ആശയവിനിമയം നടത്തിവന്നത്. ഇപ്പോൾ സംസാരഭാഷയിലാണ് ആശയവിനിമയം. വിദേശികൾ ഉൾപ്പെടെ ധാരാളം സുഹൃത്തുക്കൾ ബാബുവിന്റെ വീട്ടിൽ താമസിച്ച് ഹാംറേഡിയോ പരീക്ഷണങ്ങൾ നടത്താറുണ്ട് .

# ജാേലി സമ്മർദ്ദത്തിനിടെ ആശ്വാസമായത്

ഹാംറേഡിയോയാണെന്ന് ഗീരീഷ്ബാബു പറയുന്നു.

സർവീസിന്റെ ആദ്യകാലം കെൽടെക്, ഐ.ടി മിഷൻ എന്നിവിടങ്ങളിലായിരുന്നു. പിന്നീട് അമേരിക്കൻ കമ്പനിയായ അയോർമിക്സിൽ സി.ഇ.ഒയായി. 2001ൽ സർക്കാർ തിരിച്ചുവിളിച്ചു. 2002-06ൽ ഇൻഫോപാർക്ക് പ്രഥമ സി.ഇ.ഒയായി. ടെക്‌നോപാർക്ക്, കാലിക്കറ്റ് സൈബർ പാർക്ക് എന്നിവ വിപുലീകരിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചു. ഭാര്യ മായയും മകൻ രാഹുലും ഹാംറേഡിയോ കമ്പക്കാരാണ്.

ഹാംറേഡിയോയോട് ചെറുപ്പത്തിലുണ്ടായിരുന്ന അതേ കൗതുകം തന്നെയാണ് ഇപ്പോഴുമുള്ളത്. അത്യാധുനിക ഹാംറേഡിയോവരെ കൈവശമുണ്ട്

കെ.ജി. ഗിരീഷ്ബാബു