പ്രളയ ദുരിതാശ്വാസം: 15 ദിവസത്തിനകം പണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന് അർഹരായവർക്ക് 15 ദിവസത്തിനകം പണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. റവന്യൂ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഇക്കാര്യം ഉറപ്പാക്കണം. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച ചീഫ് ജസ്റ്റിസുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നൽകിയത്.
ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് ഇന്നലെ നേരിട്ട് ഹാജരായ കെൽസ മെമ്പർ സെക്രട്ടറി എം. നിസാർ അലി ധനസഹായം ലഭ്യമാക്കാനും അപ്പീലുകൾ ഏകോപിപ്പിക്കാനും പാരാ ലീഗൽ വോളണ്ടിയർമാരുടെ സേവനം നൽകാമെന്ന് വ്യക്തമാക്കി.
ഉത്തരവിലെ നിർദ്ദേശങ്ങൾ
• ഹർജി അടുത്തതവണ പരിഗണിക്കുന്നതിനു മുമ്പ് ഉത്തരവ് നടപ്പാക്കി സർക്കാർ റിപ്പോർട്ട് നൽകണം.
• നഷ്ട പരിഹാരം ഉറപ്പാക്കാനും അപ്പീൽ നൽകാനും പാരാ ലീഗൽ വോളണ്ടിയർമാരുടെ സേവനം നൽകാൻ കേരള ലീഗൽ സർവീസ് അതോറിട്ടി ജില്ല, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റികളോട് നിർദ്ദേശിക്കണം.
• പാരാ ലീഗൽ വോളണ്ടിയർമാർ ആവശ്യപ്പെട്ടാൽ അപേക്ഷകളുടെയും അപ്പീലുകളുടെയും വിവരങ്ങൾ റവന്യൂ വകുപ്പും തദ്ദേശ ഭരണ സ്ഥാപനങ്ങളും നൽകണം.
• തീർപ്പാക്കിയ അപ്പീലുകൾക്കെതിരെ നേരിട്ടും പാരാ ലീഗൽ വോളണ്ടിയർമാർ മുഖാന്തരവും നൽകുന്ന സെക്കൻഡ് അപ്പീലുകൾ സ്ഥിരം ലോക് അദാലത്ത് പരിഗണിച്ച് തീർപ്പാക്കണം. കൂടുതൽ പണം അനുവദിച്ചാൽ തുക കാലതാമസമില്ലാതെ നൽകണം.