ഗുരുവായൂരിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞത് ക്രൂരമർദനത്തെ തുടർന്ന്? പാപ്പാന്മാർക്ക് സസ്‌പെൻഷൻ, അന്വേഷണം ആരംഭിച്ചു
തൃശൂർ: ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞത് പാപ്പാന്മാരുടെ ക്രൂരമർദനത്തെ തുടർന്നെന്ന് റിപ്പോർട്ട്. സംഭവത്തിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആനയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് കോടനാട്ട് നടക്കും. സംഭവത്തിൽ ആനയുടെ രണ്ടും മൂന്നും പാപ്പാന്മാരെ സസ്‌പെൻഡ് ചെയ്തു.
സെപ്തംബർ ഒമ്പതിന് രാത്രി പത്തിനായിരുന്നു മർദനമേറ്റത്. പാപ്പാന്മാർ ആനയുടെ അടുത്തുചെന്ന് മർദിക്കുന്നത് കണ്ട ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥൻ വിവരം ആനക്കോട്ടിലെ മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. അവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പാപ്പാൻ ജി ഗോകുൽ, മൂന്നാം പാപ്പാൻ കെ എ സത്യൻ എന്നിവരെ സസ്‌പെൻഡ് ചെയ്തത്. 26ന് ചേർന്ന ദേവസ്വം ഭരണസമിതിയോഗ തീരുമാനപ്രകാരമായിരുന്നു സസ്‌പെൻഷൻ.
ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് 35 വയസുള്ള കൊമ്പൻ ഗോകുൽ ചരിഞ്ഞത്. 1994 ജനുവരി ഒമ്പതിന് എറണാകുളം ചുള്ളിക്കൽ അറയ്‌ക്കൽ ഹൗസിൽ എഎസ് രഘുനാഥൻ നടയ്‌ക്കിരുത്തിയ ആനയാണ് ഗോകുൽ. കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയിൽ ഒരു ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുരുവായൂർ ഗോകുൽ വളരെ ക്ഷീണിതനായിരുന്നു. കുറച്ചുനാളായി വിശ്രമത്തിലായിരുന്നു. ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുള്ള ഗജവീരനായിരുന്നു ഗോകുൽ. ആനക്കോട്ടയിൽ 66 ആനകൾ ഉണ്ടായിരുന്നു. എന്നാൽ 15 വർഷം കൊണ്ട് 31 ആനകളാണ് ചരിഞ്ഞത്. പത്തുമാസത്തിനുള്ളിൽ മൂന്നാനകളാണ് ചരിഞ്ഞത്.