ക്രിസ്ത്യാനി ആയത് പ്രശ്നമാണോ എന്ന് അറിയില്ല, കേരളത്തിൽ തുടരാനാണ് ആഗ്രഹം; അതൃപ്തി പരസ്യമാക്കി അബിൻ വർക്കി
തിരുവനന്തപുരം: അതൃപ്തി പരസ്യമാക്കി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അബിൻ വർക്കി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റായി തുടരാനാണ് ആഗ്രഹം. സംസ്ഥാന തലത്തിൽ തുടരാൻ അനുവദിക്കണമെന്നും പാർട്ടി ഫോറത്തിൽ നിലപാട് പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി തീരുമാനം തെറ്റായിപ്പോയെന്ന് പറയില്ല. പാർട്ടി എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും അബിൻ വർക്കി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മതേതരത്വം മുറുകെ പിടിക്കുന്നവരാണ് എല്ലാവരും. ക്രിസ്ത്യാനി ആയത് പ്രശ്നം ആണോ എന്ന് അറിയില്ല. പാർട്ടി അങ്ങനെ കാണുന്നുണ്ടോ എന്നറിയില്ലെന്നും അബിൻ പറഞ്ഞു. 'യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്തിരിക്കുകയാണ്. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം സെക്രട്ടറിയായിട്ടാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. പിന്നീട് കെ എസ് യു യൂണിറ്റ് പ്രസിഡന്റായി. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് വരെയായി. ഇതൊക്കെ ആകുമ്പോൾ ഏറ്റവും കടപ്പാട് രാഹുൽ ഗാന്ധിയോടാണ്. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഞാനടക്കമുള്ളവർ കടന്നുവന്നത്.
എന്റെ പേരിനൊപ്പം കോൺഗ്രസ് എന്ന ടാഗ് കൂടി വരുമ്പോൾ മാത്രമേ എനിക്കൊരു മേൽവിലാസമുണ്ടായതായി ഞാൻ കരുതുന്നുള്ളൂ. അതുകൊണ്ടുതന്നെ ആ മേൽവിലാസത്തെ കളങ്കപ്പെടുത്തുന്ന ഒന്നും എന്റെ ഭാഗത്തുനിന്നുണ്ടാകില്ല. എന്റെ പാർട്ടി മഹായുദ്ധമാണ് കേരളത്തിൽ നടത്തുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഉണ്ടാകേണ്ട അനിവാര്യതയുണ്ട്. ഞാനടക്കമുള്ള ആളുകൾ കുറേക്കാലമായി കമ്മ്യൂണിസ്റ്റ് സർക്കാരിനും ബിജെപിക്കുമെതിരെ സാധാരണ പ്രവർത്തകർക്കൊപ്പം സമരങ്ങളും മറ്റും നടത്തിവരികയാണ്.
ഇപ്പോൾ പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാതിരഞ്ഞെടുപ്പുമൊക്കെ പടിവാതിൽക്കലെത്തിയിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പ് കോൺഗ്രസിന് സുപ്രധാനമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹം. കേരളത്തിൽ തുടരാൻ സാധിക്കണമെന്ന് നേതാക്കളോട് അഭ്യർത്ഥിക്കുകയാണ്. അത് മറ്റൊരു തലത്തിലുമുള്ള വെല്ലുവിളിയായി കാണരുത്. ഞാൻ വിധേയനായ പാർട്ടി പ്രവർത്തകനാണ്. കോൺഗ്രസ് എന്ന വികാരം മാത്രമാണ് എന്റെ നെഞ്ചിലുള്ളത്. കോൺഗ്രസ് എന്ന അഡ്രസാണ് എന്നെ മുന്നോട്ടുനയിക്കുന്നത്. എനിക്ക് ഒരു ലക്ഷത്തി എഴുപതിനായിരം വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എല്ലാവരും ഒപ്പം നിന്നു. പാർട്ടി തീരുമാനത്തെ മറിച്ചുപറയുന്ന ആളല്ല.'- അബിൻ വർക്കി പറഞ്ഞു.
ഇന്നലെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി ഒ ജെ ജനീഷിനെയും വർക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലിനെയും ദേശീയ നേതൃത്വം നിയമിച്ചത്. ലൈംഗികാരോപണങ്ങളെ തുടർന്ന് ഓഗസ്റ്റ് 21ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രാജിവച്ച ഒഴിവിലാണ് ജനീഷിന്റെ നിയമനം. സംസ്ഥാന യൂത്ത് കോൺഗ്രസിൽ ആദ്യമായാണ് വർക്കിംഗ് പ്രസിഡന്റ് പദവി. അബിൻ വർക്കി, കെ എം അഭിജിത്ത് എന്നിവരെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിമാരായും നിയമിക്കുകയായിരുന്നു.