താളം തെറ്റിയ ജീവിതം, രണ്ട് പങ്കാളികളുടെ കൂടെയായിരുന്നപ്പോഴും അർച്ചന കിണറ്റിൽ ചാടി; മൂന്നാം തവണ ദാരുണാന്ത്യം

Tuesday 14 October 2025 12:08 PM IST

കൊല്ലം: താളംതെറ്റിയ കുടുംബജീവിതം, ഒടുവിൽ മൂന്ന് ജീവനുകൾ നഷ്ടമായി. അനാഥമായത് പറക്കമുറ്റാത്ത മൂന്ന് മക്കൾ. ഇന്നലെ പുലർച്ചെ കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂരിൽ കിണറാഴത്തിൽ മൂന്ന് ജീവനുകൾ പൊലിഞ്ഞതിന്റെ മുഖ്യകാരണം കുടുംബ ജീവിതത്തിലെ താളപ്പിഴകളാണെന്ന് നാട്ടുകാർ പറയുന്നു.

അശോകൻ- മിനി ദമ്പതികളുടെ മകളാണ് അർച്ചന. ചെറുപ്പത്തിൽ തന്നെ അശോകനും മിനിയും ബന്ധം വേർപിരിഞ്ഞു. മുതിർന്നപ്പോൾ ഓയൂരിൽ വിഷ്ണുവിനൊപ്പം അർച്ചന ജീവിതം തുടങ്ങി. ഈ ബന്ധത്തിലുള്ളതാണ് മൂന്ന് മക്കളും. പിന്നീട് വിഷ്ണുവിനെ ഉപേക്ഷിച്ച് ഇസ്മയിലിനൊപ്പം ജീവിതം തുടങ്ങി. ഇതിനിടയിൽ ലൈഫ് പദ്ധതിയിൽ അനുവദിച്ചതാണ് ആനക്കോട്ടൂരിലെ അഞ്ച് സെന്റ് ഭൂമി. ഇതേ പദ്ധതിവഴി വീടുപണി നടന്നുവരികയാണ്. പൂർത്തിയാകാത്ത വീട്ടിലാണ് രണ്ട് വർഷമായി അർച്ചനയും മക്കളും താമസിച്ചിരുന്നത്.

ആയുർവേദ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന അർച്ചന തൃശൂർ, എറണാകുളം, വയനാട് ഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. ആനക്കോട്ടൂർ തൈവിളമുക്കിൽ വാടക വീട്ടിൽ താമസിക്കുന്ന അമ്മ മിനിക്കൊപ്പം മക്കളെ ഏൽപ്പിച്ചിട്ടാണ് അർച്ചന ജോലിക്ക് പോകുന്നത്. തിരികെ വരുമ്പോഴെല്ലാം ആൺ സുഹൃത്തുക്കൾ ഒപ്പമുണ്ടാകും. രണ്ട് മാസം മുമ്പ് കൂടെക്കൂടിയതാണ് ശിവകൃഷ്ണൻ. എറണാകുളത്ത് ബാറിലെ ജീവനക്കാരനായ ശിവകൃഷ്ണൻ ഇവിടെ ഗൃഹനാഥനായി മാറുകയായിരുന്നു. അമിതമായി മദ്യം കഴിക്കുന്ന ആളാണ് ശിവകൃഷ്ണൻ.

മദ്യക്കുപ്പി ഒളിപ്പിച്ചതിന് മർദ്ദനം

ശിവകൃഷ്ണനും അയാളുടെ സുഹൃത്ത് അക്ഷയ്, ഭാര്യ അഞ്ജുവും അർച്ചനയും മക്കളുമാണ് ഞായറാഴ്ച രാത്രി വീട്ടിലുണ്ടായിരുന്നത്. രാത്രി പത്തോടെ ശിവകൃഷ്ണൻ മദ്യലഹരിയിലായി. ശേഷിക്കുന്ന മദ്യം അർച്ചന ഒളിപ്പിച്ചുവച്ചു. ഇതേച്ചൊല്ലിയായിരുന്നു പിന്നീട് മർദ്ദനം. ക്രൂരമായി അർച്ചനയെ മർദ്ദിച്ചു. മറ്റുള്ളവർ തടസം പിടിച്ചതുമില്ല. മർദ്ദനമേറ്റതിന്റെ പാടുകളും പല്ലിനിട്ട കമ്പി ചുണ്ടിൽ മുറിവേൽപ്പിച്ചതുമടക്കം അർച്ചന മൊബൈൽ ഫോണിൽ പകർത്തി. കുട്ടികളെയും ശിവകൃഷ്ണൻ മർദ്ദിക്കാറുണ്ട്. ഒടുവിൽ സഹികെട്ടാണ് അർച്ചന വീടിന് പുറത്തേക്കിറങ്ങി കിണറ്റിൽ ചാടിയത്.

കിണറ്റിൽ ചാടുന്നത് പതിവ്

ആദ്യ ഭർത്താവ് വിഷ്ണുവിനൊപ്പം ഓയൂരിനടുത്ത് താമസിക്കുമ്പോൾ ഗർഭിണിയായിരിക്കെ അർച്ചന കിണറ്റിൽ ചാടി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. അന്ന് ഗർഭം അലസിപ്പോയി. മൂന്ന് മക്കൾ നേരത്തേതന്നെ ഉണ്ടായിരുന്നു. പിന്നീട് ഒരു തവണകൂടി ഗർഭം അലസിപ്പോവുകയുണ്ടായി. പിന്നീട് മറ്റൊരാളുടെ കൂടെ താമസിക്കുമ്പോഴും അർച്ചന കിണറ്റിൽ ചാടി. ആഴമില്ലാത്ത കിണറായതിനാൽ പരിക്കില്ലാതെ രക്ഷപെട്ടു. മൂന്നാം തവണയാണ് ആനക്കോട്ടൂരിലെ വീട്ടുമുറ്റത്തെ കിണറ്റിൽ ചാടിയതും, രണ്ട് ജീവനുകളെക്കൂടി കൂടെക്കൊണ്ടുപോയതും.