പാലിയേക്കര ടോൾ വിലക്ക് തുടരും; കളക്‌ടർ ഇന്നുതന്നെ സ്ഥലം സന്ദർശിച്ച് പരിശോധിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോൾ പിരിവ് പുനഃരാരംഭിക്കുന്നതിൽ വെള്ളിയാഴ്‌ച ഉത്തരവിടാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ദേശീയപാതാ അതോറിറ്റിയുടെ ഹർജിയും ഇന്ന് പരിഗണിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓൺലൈനായി ഹാജരായ തൃശൂർ ജില്ലാ കളക്‌ടറോട് നിലവിലെ റോഡിന്റെ അവസ്ഥയെക്കുറിച്ച് കോടതി വിവരം തേടി.
60 കിലോമീറ്റർ ടോൾ പിരിക്കുന്ന ദൂരത്തിൽ മൂന്നോ നാലോ ഇടങ്ങളിൽ മാത്രമാണ് പ്രശ്‌നമെന്ന് എജി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, എവിടെയൊക്കെയാണ് പ്രശ്‌നമെന്ന് കോടതി കളക്‌ടറോട് ചോദിച്ചു. അഞ്ച് കിലോമീറ്റർ ദൂരത്തിലാണ് പ്രശ്‌നമെന്ന് കളക്‌ടർ മറുപടി നൽകി. ദേശീയപാതാ അതോറിറ്റി മനഃപൂർവം റോഡ് നന്നാക്കാതിരിക്കുന്നതല്ലെന്ന് എജി വാദിച്ചു. തുടർന്ന് ഇപ്പോൾ ഏതെങ്കിലും ഇടങ്ങളിൽ ഗതാഗതക്കുരുക്ക് ഉണ്ടോയെന്ന് കളക്‌ടറോട് കോടതി ചോദിച്ചു. ശേഷം ഇന്നുതന്നെ സ്ഥലം സന്ദർശിച്ച് പരിശോധിക്കാനും കോടതി നിർദേശിച്ചു. സുഗമമായ ഗതാഗതം ഉറപ്പാക്കിയ ശേഷമേ ടോൾ പിരിക്കാവു എന്ന സുപ്രീം കോടതി ഉത്തരവും ഹൈക്കോടതി ചൂണ്ടിക്കാട്ടി.