രാത്രിയിൽ സ്കൂൾ വിദ്യാർത്ഥികൾ വീട് കയറി ആക്രമിച്ചു;  പ്ലസ്ടുക്കാരന്  പരിക്ക്, സംഭവം തിരുവനന്തപുരത്ത്

Tuesday 14 October 2025 3:26 PM IST

തിരുവനന്തപുരം: ചെമ്പഴന്തി ശാസ്തവട്ടത്ത് ഒരു സംഘം പ്ലസ്‌ടു വിദ്യാർത്ഥികൾ സഹപാഠിയെ വീട് കയറി ആക്രമിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിക്കാണ് സംഭവം നടന്നത്. 15 ബെെക്കുകളിലാണ് വിദ്യാർത്ഥികൾ എത്തിയത്. ആക്രമണത്തിൽ പ്ലസ്‌‌ടു വിദ്യാർത്ഥി അഭയ്‌ക്ക് (17) പരിക്കേറ്റു. കെെയിലും മൂക്കിലുമാണ് പരിക്കേറ്റത്.

തുണ്ടത്തിൽ മാധവ വിലാസം ഹയ‌ർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് വീട് ആക്രമിച്ചത്. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം നടന്നിരുന്നു. സംഘർഷത്തിനിടയിൽപ്പെട്ട സുഹൃത്തിനെ അഭയ് പിടിച്ചുമാറ്റാൻ പോയി. ഇതിനെ തുടർന്നാണ് രാത്രി ഒരു സംഘം വിദ്യാർത്ഥികൾ വീടു കയറി ആക്രമിച്ചത്. പരിക്കേറ്റ അഭയ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി.

അടുത്തിടെ പോത്തൻകോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റിരുന്നു. തുണ്ടത്തിൽ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് അന്ന് കുത്തേറ്റത്. ഈ സ്കൂളിൽ കുട്ടികൾക്കിടയിൽ സംഘർഷങ്ങൾ കൂടുന്നതായും റിപ്പോർട്ടുണ്ട്.