കണ്ണൂരിൽ മിന്നലേറ്റ് രണ്ട് നിർമ്മാണ തൊഴിലാളികൾ മരിച്ചു; ഒരാളുടെ നില ഗുരുതരം
കണ്ണൂർ: ജില്ലയിലെ ചെമ്പന്തൊട്ടിയിൽ പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറിയിൽ മിന്നലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്ന് വൈകിട്ടോടെയാണ് അപകടം നടന്നത്. ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെ ശക്തമായ മിന്നലുണ്ടാവുകയായിരുന്നു. അസം സ്വദേശി ജോസ് (35) ഒഡീഷ സ്വദേശി രാജേഷ് (25) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ അസം സ്വദേശി ഗൗതം (40) ചികിത്സയിലാണ്.
മിന്നലേറ്റ മൂന്ന് തൊഴിലാളികളെയും ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ഗൗതം ചികിത്സയിലാണ്.
അതിനിടെ മലപ്പുറം കൊണ്ടോട്ടിയിൽ കെട്ടിട നിർമ്മാണത്തിനിടെ രണ്ട് പേർക്ക് മിന്നലേറ്രതായി റിപ്പോർട്ടുണ്ട്. ഏക്കാപറമ്പ് പ്രദേശത്താണ് അപകടം ഉണ്ടായത്. കീഴിശ്ശേരി സ്വദേശികളായ സിറാജുദ്ദീൻ അബ്ദുൾ റഫീക്ക് എന്നിവർക്കാണ് മിന്നലേറ്റത്.
സിറാജുദ്ദീന്റെ നില ഗുരുതരമായതിനെ തുടർന്ന് ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അബ്ദുൾ റഫീഖിനെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും എക്കാപറമ്പിൽ നിർമ്മാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് മിന്നലേറ്റത്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പിന് പിന്നാലെയാണ് അപകടങ്ങൾ ഉണ്ടായത്