ദേവന് നേദിക്കുന്നതിന് മുമ്പ് ആറന്മുള വള്ളസദ്യ മന്ത്രിയ്ക്ക് വിളമ്പി; ആചാര ലംഘനമെന്ന് തന്ത്രി

Tuesday 14 October 2025 5:19 PM IST

പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരം ലംഘനം. വള്ളസദ്യ ദേവന് നേദിക്കുന്നതിന് മുമ്പ് മന്ത്രി വി എൻ വാസവന് നൽകിയത് ആചാരലംഘനമാണെന്ന് കാണിച്ച് ദേവസ്വം ബോർഡിന് തന്ത്രി കത്തയച്ചു. ഞായറാഴ്ചയാണ് തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ദേവസ്വം ബോർഡിന് കത്തയച്ചത്.

ആചാരലംഘനം നടന്നതിനാൽ പരസ്യ പരിഹാരക്രിയ വേണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വള്ളസദ്യയുടെ നടത്തിപ്പ് ചുമതലക്കാരായ പള്ളിയോട സേവാസംഘത്തിന്റെ എല്ലാ പ്രതിനിധികളും ക്ഷേത്ര ഉപദേശസമിതി അംഗങ്ങളും ഭരണസമിതി അംഗങ്ങളും പരസ്യമായി ദേവന് മുന്നിൽ ഉരുളിവച്ച് എണ്ണപ്പണം സമർപ്പിക്കണമെന്നും പതിനൊന്ന് പറ അരിയുടെ സദ്യയുണ്ടാക്കണമെന്നും കത്തിലുണ്ട്. ദേവന് സമർപ്പിച്ച ശേഷം സദ്യ എല്ലാവർക്കും വിളമ്പളമെന്നും തന്ത്രി നിർദേശിച്ചു. അതോടൊപ്പം തന്നെ ഇത്തരത്തിലൊരു അബദ്ധം ആവർത്തിക്കില്ലെന്ന് സത്യം ചെയ്യണമെന്നും കത്തിൽ പറയുന്നു.