വിദ്യാഭ്യാസം ലോകത്തെ മാറ്റിമറിക്കുന്ന ആശയങ്ങള്‍ക്ക് കാരണമാകണം: മന്ത്രി വി ശിവന്‍ കുട്ടി
വിദ്യാഭ്യാസം പരീക്ഷകളിലെ വിജയത്തിന് മാത്രം ലക്ഷ്യമാക്കുന്നതാകരുതെന്നും ലോകത്തെ മാറ്റാനുതകുന്ന പുതിയ ആശയങ്ങള്‍ ജനിപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാഭ്യാസം രീതികളെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വി.ശിവന്‍കുട്ടി. കന്യാകുളങ്ങര എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സില്‍ ബഹുനില മന്ദിരവും നവീന ഗണിത ലാബും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തെ വികസനത്തിന്റെ അടിസ്ഥാനം എന്ന നിലയില്‍ മാത്രമല്ല, ശാസ്ത്രസാങ്കേതിക നവീകരണവുമായി ബന്ധിപ്പിച്ച് നമ്മള്‍ മുന്നോട്ടു പോകുകയാണ്. കിഫ്ബിയിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്‌കൂള്‍ അടിസ്ഥാനസൗകര്യ നവീകരണ പദ്ധതികള്‍ രാജ്യത്തിന് തന്നെ മാതൃകയാണ്. മികച്ച പഠനപരിസരം, ആധുനിക ലബോറട്ടറികള്‍, ഐ.സി.ടി. സൗകര്യങ്ങള്‍ എന്നിവയാണ് മികച്ച വിദ്യാഭ്യാസം സായത്തമാക്കുന്നതിന് പുതു തലമുറക്ക് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി ഫണ്ട് 3.9 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് മണ്ഡലത്തില്‍ 70 കോടിയിലധികം രൂപ പൊതുവിദ്യാഭ്യാസ വികസനത്തിനായി ചെലവഴിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ എം, ജില്ലാ പഞ്ചായത്ത് അംഗം കെ. ഷീല കുമാരി, മാണിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയന്‍, ഹെഡ്മാസ്റ്റര്‍ നൗഷാദ് എ.കെ, പ്രിന്‍സിപ്പാള്‍ ബീഗം ഷീജ എ.എ തുടങ്ങിയവര്‍ പങ്കെടുത്തു.