മാടത്തുംകുണ്ട് ജലസേചന പദ്ധതി ഉദ്ഘാടനം
മാവൂർ: പെരുവയൽ ഗ്രാമപഞ്ചായത്തിലെ മാടത്തുംകുണ്ട് ജലസേചന പദ്ധതി കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. നാട്ടിൻ പുറങ്ങളിലെ ജലസ്രോതസുകൾ മലിനമാകാതെ സംരക്ഷിക്കണമെന്ന് മന്ത്രി പറഞ്ഞു. ജലാശയങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നതിലൂടെ പലർക്കും കുടിവെള്ളം നിഷേധിക്കുകയാണ്. ജല ഉപയോഗം കൂടുതൽ കരുതലോടെ വേണം. ജലസമൃദ്ധി വരും തലമുറയ്ക്കായി സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതിയിൽ നിന്ന് 20 ലക്ഷം രൂപ ചെലവിട്ട് നവീകരിക്കുന്ന ചെറുകുളത്തൂർ എസ് വളവ് മഞ്ഞെടികിഴക്കുംപാടം റോഡ് പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി, വൈസ് പ്രസിഡന്റ് പി.കെ ഷറഫുദ്ദീൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ അനീഷ് പാലാട്ട്, വി.ഫാഹിന, പി.സുഹറ തുടങ്ങിയവർ പങ്കെടുത്തു.