'ഇടത് സർക്കാർ അവിശ്വാസികളുടേത്, ക്ഷേത്രങ്ങളിലെ സ്ഥാവരജംഗമ സാധനങ്ങൾ കൊള്ളയടിക്കാൻ ശ്രമം'

Tuesday 14 October 2025 8:23 PM IST

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷമായി ഇടതുമുന്നണി സർക്കാർ കേരളത്തിലെ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താനും ക്ഷേത്രങ്ങളുടെ സ്ഥാവര ജംഗമ സാധനങ്ങൾ കൊള്ളയടിക്കാനും ശ്രമിക്കുകയാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തു നിന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇത് അവിശ്വാസികളുടെ സർക്കാരാണ്. അവർ ഭക്തരുടെ വികാരങ്ങൾക്ക് വില നൽകുന്നില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകർത്തുകളയാൻ ശ്രമിക്കുന്നു. അഞ്ചുവർഷം മുമ്പ് ശബരിമലയുടെ പാവനത തകർത്തു ആചാരാനുഷ്ഠാനങ്ങളെ തകർക്കാൻ ശ്രമിച്ചു. കേരളത്തിൽ മതേതരത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായി നിലനിൽക്കുന്ന ശബരിമലയെ ഏതു വിധത്തിലും തകർക്കാനാണ് ഇടതുമുന്നണി സർക്കാർ ശ്രമിക്കുന്നത്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യസ്‌നേഹത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാൻ പറ്റുന്ന സ്ഥലമാണ് ശബരിമല.

അവിടെനിന്ന് സ്വർണ്ണം പൂശിയ ദ്വാരപാലക ശില്പങ്ങൾ അടിച്ചു മാറ്റിയിരിക്കുന്നു. അവിടെനിന്ന് സ്വർണ്ണം പൂശിയ വാതിൽ പടി മോഷ്ടിച്ചിരിക്കുന്നു.

ഇതിനെല്ലാം ഇതേവർഷം ബോർഡും ദേവസ്വം മന്ത്രിമാരും കൂട്ടുനിന്നിട്ടുണ്ട്. ശബരിമലയുടെ പേരിൽ സ്വകാര്യ വ്യക്തികൾ കോടിക്കണക്കിന് രൂപ പിരിച്ച് മുങ്ങുന്നു. ഇതിനെല്ലാം ദേവസ്വം ബോർഡും ദേവസ്വം മന്ത്രിമാരും ഒത്താശ ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. ദേവസ്വം ഫണ്ടിൽ നിന്ന് കോടിക്കണക്കിന് രൂപ ധൂർത്തടിച്ച് അയ്യപ്പ സംഗമം നടത്തുന്നു. വിശ്വാസികളുടെ പണമാണ് ഇവർ ദുർവിനിയോഗം ചെയ്യുന്നത്. കേരളത്തിലെ വിശ്വാസ സമൂഹം ഇത് പൊറുക്കില്ല ചെന്നിത്തല പറഞ്ഞു.