@ കുടുംബശ്രീ ഉത്പന്നങ്ങൾ വീടുകളിലേക്ക് വരുന്നു, 25,000 സോഷ്യൽ സെല്ലർമാർ

Wednesday 15 October 2025 12:45 AM IST
കുടുംബശ്രീ സ്വാശ്രയ ഗ്രാമം മെന്റര്‍മാര്‍ക്ക് സംഘടിപ്പിച്ച പരിശീലനം കെ.കെ ലതിക ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കുടുംബശ്രീ ഉത്പന്നങ്ങൾ വീടുകളിലെത്തിക്കാൻ വരുന്നു 'സോഷ്യൽ സെല്ലർമാർ'. ഓരോ കുടുംബശ്രീ സി.ഡി.എസിന് കീഴിലുമുള്ള അയൽക്കൂട്ടങ്ങളിൽ നിന്ന് 25,000ത്തിലധികം സോഷ്യൽ സെല്ലർമാരാണ് നവംബർ ഒന്നു മുതൽ ജില്ലയിൽ രംഗത്തിറങ്ങുക. ഇവർക്ക് നേതൃത്വം നൽകാൻ ഓരോ സി.ഡി.എസിലും ഓരോ സ്വാശ്രയഗ്രാമം മെന്റർമാരെയും നിയമിക്കും.

അയൽക്കൂട്ട പരിധിയിലെ വീടുകളിൽ നിന്ന് കുടുംബശ്രീ ഉത്പന്നങ്ങൾക്ക് ഓർഡർ ശേഖരിച്ച് എത്തിക്കുകയാണ് 'കുടുംബശ്രീ സോഷ്യൽ സെല്ലർ'മാർ ചെയ്യുക. വിൽപ്പനയ്ക്കനുസരിച്ച് കമ്മിഷൻ ലഭിക്കും. സ്വാശ്രയഗ്രാമം മെന്റർമാർക്ക് പ്രതിമാസം 15,000 രൂപയിലധികം ഉറപ്പാക്കും. കുടുംബശ്രീ അയൽക്കൂട്ടാംഗങ്ങളുടെ വീടുകളിലും അയൽക്കൂട്ട പരിധിയിലെ മറ്റു വീടുകളിലും സ്ഥിരമായി മായവും കലർപ്പുമില്ലാത്ത ഉത്പന്നങ്ങളെത്തിച്ച് നൽകുകയും കുടുംബശ്രീ ഉത്പന്നങ്ങളുടെ ഉപഭോഗം ജനങ്ങളുടെ ശീലമാക്കുകയുമാണ് ലക്ഷ്യമിടുന്നത്. ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ കൂടുന്നതിനനുസരിച്ച് കൂടുതൽ ഉത്പാദന യൂണിറ്റുകൾ ആരംഭിക്കാനാകും.

'സ്വാശ്രയഗ്രാമം' പ്രഖ്യാപനം

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷനാണ് പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. മുഴുവൻ സി.ഡി.എസുകളിലും നവംബർ ഒന്നിന് 'സ്വാശ്രയഗ്രാമം' പ്രഖ്യാപനം നടക്കും. കുടുംബശ്രീ അംഗങ്ങളും പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുക്കുന്ന പ്രഖ്യാപന പരിപാടിക്ക് സി.ഡി.എസ് തലത്തിൽ സ്വാഗതസംഘങ്ങളും രൂപീകരിക്കും. ഇതിലൂടെ വനിതകൾക്ക് കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നുമാണ് പ്രതീക്ഷ.

സ്വാശ്രയഗ്രാമം മെന്റർമാർക്ക് പരിശീലനം

കോഴിക്കോട്: കുടുംബശ്രീ ഉത്പന്നങ്ങൾ വീടുകളിലെത്തിക്കാൻ നവംബർ ഒന്ന് മുതൽ 'സോഷ്യൽ സെല്ലർ'മാരെ നിയോഗിക്കുന്നതിന് മുന്നോടിയായി കുടുംബശ്രീ സ്വാശ്രയ ഗ്രാമം മെന്റർമാർക്ക് പരിശീലനം നൽകി. കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ കുടുംബശ്രീ ഗവേണിംഗ് ബോഡി എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ.കെ ലതിക ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ല മിഷൻ കോ ഓർഡിനേറ്റർ പി.സി.കവിത അദ്ധ്യക്ഷത വഹിച്ചു. അസി. ജില്ല മിഷൻ കോ ഓർഡിനേറ്റർമാരായ പി. സൂരജ്, എസ്.കെ.അതുൽ രാജ്, ജില്ല പ്രോഗ്രാം മാനേജർ എ.നീതു, സതീശൻ സ്വപ്നക്കൂട്, പ്രസാദ് കൈതക്കൽ എന്നിവർ പ്രസംഗിച്ചു.