@ 10 വർഷത്തിനിടെ 4% വർദ്ധന വൃക്കരോഗികൾ കൂടുന്നു
കോഴിക്കോട്: പ്രമേഹവും രക്തസമ്മർദ്ദവും കൂടുന്നതിനനുസരിച്ച് വൃക്കരോഗികളുടെ എണ്ണത്തിലും വൻ വർദ്ധന. കോഴിക്കോട് ഉൾപ്പെടെ രോഗികൾ കൂടുന്നതായാണ് കണക്കുകൾ. പ്രത്യക്ഷ ലക്ഷണം കാണാത്തതിനാൽ പരിശോധന വൈകുന്നത് രോഗം മൂർച്ഛിക്കുന്നതിന് ഇടയാക്കുന്നു. മുതിർന്നവരിൽ 15 ശതമാനം പേരിലും ഏതെങ്കിലും തരം വൃക്കരോഗമുണ്ടെന്നാണ് കണക്ക്.10 വർഷം മുമ്പ് ഇത് 11 ശതമാനമായിരുന്നു. ദീർഘകാല വൃക്കരോഗം ബാധിച്ചവർ (ക്രോണിക് കിഡ്നി ഡിസീസ്-സി.കെ.ഡി) പതിനായിരങ്ങളാണ്. ഡയാലിസിസ് വേണ്ടവരുടെയും വൃക്ക മാറ്റിവയ്ക്കേണ്ടവരുടെയും എണ്ണം കൂടുകയാണ്. സർക്കാർ സംവിധാനത്തിൽ മാത്രം കഴിഞ്ഞ വർഷം 25 ലക്ഷത്തിലധികം ഡയാലിസിസ് സെഷനുകൾ നടത്തി. ഡയാലിസിസ് സെന്ററുകളുടെ എണ്ണം വർദ്ധിക്കുന്നത് രോഗികൾ കൂടുന്നതിന്റെ തെളിവാണ്.
കോഴിക്കോട് ഉൾപ്പെടെ മെഡിക്കൽ കോളേജുകൾക്ക് പുറമേ നൂറോളം ആശുപത്രികളിൽ ആരോഗ്യവകുപ്പിന് കീഴിൽ ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാണ്. വീട്ടിൽത്തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാനാകുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും ലഭ്യമാക്കാനുള്ള ശ്രമവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ശരീരഭാരവും പേശികളും പെട്ടെന്ന് കൂട്ടാനാകുന്ന പ്രോട്ടീൻ സപ്ലിമെന്റുകളുടെ അശാസ്ത്രീയ ഉപയോഗം വൃക്കരോഗത്തിനുള്ള പുതിയ കാരണമാണെന്ന് ഡോക്ടർമാർ പറയുന്നു. അശാസ്ത്രീയമായ ആഹാരരീതി, സൗന്ദര്യവർദ്ധക വസ്തുക്കളിലെ മെർക്കുറി അംശം തുടങ്ങിയവ മറ്റു കാരണങ്ങളാണ്. ആരോഗ്യമുള്ളവർക്ക് ഭക്ഷണത്തിലൂടെത്തന്നെ പോഷകം ലഭിക്കും. പ്രോട്ടീൻ സപ്ലിമെന്റുകൾ രോഗികൾക്കുള്ളതാണ്.
- മിഷൻ കിഡ്നി കെയർ
ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വൃക്കരോഗ നിർണയ പരിപാടിയായ മിഷൻ കിഡ്നി കെയറിൽ ഇതിനകം 51 മെഡിക്കൽ ക്യാമ്പുകൾ നടത്തി. പരിശോധനയ്ക്ക് വിധേയരായ ഏതാണ്ട് 15,000 വരുന്ന ആളുകളിൽ 120 ഓളം പേർക്ക് കിഡ്നി രോഗസാദ്ധ്യത കണ്ടെത്തി, വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി.
- പ്രധാന രോഗ കാരണങ്ങൾ
അനിയന്ത്രിതമായ പ്രമേഹം അമിത രക്തസമ്മർദം ചികിത്സിച്ചുമാറ്റാത്ത അണുബാധ മരുന്നുകളുടെ ദുരുപയോഗം
വ്യായാമക്കുറവ്
ഡയാലിസിസ് കണക്ക് കേരളത്തിൽ
(ആരോഗ്യവകുപ്പിന് കീഴിൽ മാത്രം)
പ്രതിമാസം....40,000
മെഡിക്കൽ കോളേജുകളിൽ....10,000
ട്രസ്റ്റിന്റെ പ്രവർത്തന മേഖലയായ ബേപ്പൂർ നിയോജക മണ്ഡലത്തിലെയും ഒളവണ്ണ പഞ്ചായത്തിലെയും 40 വയസിന് മുകളിലുള്ള എല്ലാവരെയും രോഗസാദ്ധ്യതയുള്ള മറ്റുള്ളവരെയും പരിശോധിക്കും.
-വി.കെ.സി.മമ്മത്കോയ,
ചെയർമാൻ,
ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് ട്രസ്റ്റ്.