കെൽപാം മോഡേൺ അരിമില്ല് ജനുവരിയിൽ പൂർത്തിയാകും
ആലത്തൂർ: കാവശ്ശേരി കല്ലേപ്പുള്ളി കെൽപാം മോഡേൺ അരിമില്ല് നിർമ്മാണം ജനുവരിയിൽ പൂർത്തിയാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങൾ നീക്കി ജനുവരിയിൽ പൂർത്തീകരിച്ച് മില്ല് തുറന്നു കൊടുക്കുമെന്ന് വ്യവസായവകുപ്പ്, പട്ടികജാതി പട്ടിക വർഗ പിന്നാക്ക ക്ഷേമ മന്ത്രിമാർ ഉറപ്പു നൽകിയതായി പി.പി.സുമോദ് എം.എൽ.എ അറിയിച്ചു. ആലത്തൂർ, തരൂർ നിയോജക മണ്ഡലങ്ങളിലെ നെൽ കർഷകർക്ക് കെൽപാം മോഡേൺ റൈസ് മിൽ പ്രവർത്തനം ആരംഭിക്കുന്നത് സഹായകമാകും. 2017ൽ നിർമ്മാണം ആരംഭിച്ച കെൽപാം റൈസ് മില്ല് എട്ട് വർഷത്തിനു ശേഷമാണ് യാഥാർത്ഥ്യമാകുന്നത്. കെട്ടിട നിർമ്മാണം പൂർത്തിയാക്കി യന്ത്രസാമഗ്രികളും സ്ഥാപിച്ചു. വൈദ്യുതി കണക്ഷന് ലൈസൻസ് ലഭിച്ചിരുന്നില്ല. വൈദ്യുതി കണക്ഷനുള്ള കരുതൽ ധനം അടയ്ക്കാൻ വൈകി. ഇതോടെ ട്രയൽ റണ്ണിനുള്ള ശ്രമം പാളി. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അനുമതിയും ലഭിച്ചില്ല. ഒന്നും രണ്ടും വിള കൊയ്ത്തുകളിലെ മുഴുവൻ നെല്ലും സംഭരിക്കണമെന്ന ലക്ഷ്യത്തോടെയാണ് മില്ല് ആരംഭിച്ചത്. ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലെ മുഴുവൻ നെല്ലും സംഭരിക്കുമെന്ന പ്രഖ്യാപനത്തോടെ സ്വാതി ജംഗ്ഷനിലെ സിവിൽ സപ്ലൈസ് ഗോഡൗണിലെ അങ്കണത്തിൽ കൃഷിവകുപ്പ് ആരംഭിച്ച ആധുനിക മിൽ പൂട്ടിയതോടെ കർഷകരുടെ പ്രതീക്ഷയായിരുന്നു കെൽപാം റൈസ് മില്ല്. 2021ൽ പണി പൂർത്തിയാക്കിയ മില്ലിനു ചുറ്റുമതിലും വാഹനങ്ങൾ കടന്നുപോകാനുള്ള പാതയും ഓഫിസ് സംവിധാനവും ഒരുക്കുന്നതിന് വീണ്ടും എസ്റ്റിമേറ്റ് സമർപ്പിച്ചു. അനുബന്ധ പ്രവൃത്തികൾ പൂർത്തിയാക്കാൻ സമർപ്പിച്ച ഒന്നരക്കോടിയുടെ എസ്റ്റിമേറ്റിന് അനുമതിയായെങ്കിലും ഫണ്ട് ലഭിക്കാതിരുന്നത് കാരണം വീണ്ടും അനിശ്ചിതാവസ്ഥയിലായി. ഇതിനിടെ എം.ഡിയെയും ചെയർമാനെയും സ്ഥലം മാറ്റിയതോടെ മിൽ തുറക്കാൻ വീണ്ടും കാലതാമസം നേരിട്ടു. സാങ്കേതിക തടസ്സങ്ങൾ നീക്കി മില്ല് തുറക്കാൻ നടപടിയായതോടെ കാർഷിക മേഖലയിൽ പുത്തൻ ഉണർവായി.