പ്രഖ്യാപനത്തിലൊതുങ്ങി ബൈപ്പാസ്; വീർപ്പുമുട്ടി നെന്മാറ
നെന്മാറ: പ്രഖ്യാപിച്ച ബൈപ്പാസില്ല, പഞ്ചായത്തിന്റെ സമാന്തര പാതയുമില്ല. ഇതോടെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിയിരിക്കുകയാണ് നെന്മാറ ടൗൺ. വാഹനങ്ങൾ കടന്നുപോകുന്നത് തിങ്ങി ഞെരുങ്ങി. നെന്മാറ മുക്ക് മുതൽ വല്ലങ്ങി ബൈപ്പാസ് വരെയാണ് ഈ തിരക്ക്. രാവിലേയും വൈകീട്ടും നല്ല തിരക്കുള്ളതിനാൽ കാൽനടയാത്ര പോലും ദുഃസ്സഹമാണ്. നെന്മാറ ബസ് സ്റ്റാൻഡിലിറങ്ങുന്ന വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലെത്താൻ തിരക്കുള്ള പാതയിലൂടെ നടന്നുപോകണം. ടൗണിലും സമീപത്തുമായി അഞ്ച് വിദ്യാലയങ്ങളാണുള്ളത്. നെന്മാറയിലെ തിരക്ക് ഒഴിവാക്കാൻ 2016ൽ നിയമസഭയിൽ പ്രഖ്യാപിച്ച ബൈപ്പാസ് നിർമ്മാണത്തിന്റെ പ്രാരംഭ നടപടികൾ 9 വർഷം കഴിഞ്ഞിട്ടും ആരംഭിച്ചില്ല. അയിനംപാടത്തു നിന്ന് വിത്തനശ്ശേരി നെന്മാറപ്പാടത്ത് അവസാനിക്കുന്ന ബൈപ്പാസാണ് പണി തുടങ്ങാത്ത നിലയിലുള്ളത്. നെന്മാറ പഞ്ചായത്ത് തയ്യാറാക്കിയ സമാന്തര പാതയും പൂർത്തിയാക്കിയില്ല. അയിനംപാടത്തുനിന്ന് പോത്തുണ്ടി കനാൽ ബണ്ടിലൂടെയുള്ള സമാന്തരപാതയുടെ പണി എങ്ങുമെത്തിയില്ല. നെന്മാറയിൽ പാർക്കിംഗ് സൗകര്യക്കുറവും പ്രശ്നമായി. പാതയുടെ ഇരുവശത്തും തലങ്ങും വിലങ്ങും വാഹനങ്ങൾ നിറുത്തിയിടുന്നത് ഗതാഗത തടസത്തിനിടയാക്കുന്നു. നെന്മാറ പഞ്ചായത്ത് 2018ൽ പഞ്ചായത്ത് വ്യാപാര സമുച്ചയത്തിനു സമീപം വാഹനങ്ങൾ നിറുത്തിയിടാനുള്ള സ്ഥലം കണ്ടെത്തിയെങ്കിലും തുടർനടപടി ഉണ്ടായില്ല. 2007നു ശേഷം മംഗലം-ഗോവിന്ദാപുരം സംസ്ഥാന പാതയിൽ സമ്പൂർണ നവീകരണം നടന്നിട്ടില്ല. ഇടയ്ക്ക് കുഴിയടക്കലും അറ്റകുറ്റപ്പണികൾ മാത്രമാണ് നടന്നിട്ടുള്ളത്. 18 വർഷമായിട്ടും റോഡ് വീതി കൂട്ടലോ മറ്റു നടപടികളും നടന്നിട്ടില്ല. നിലവിൽ മഴപെയ്താൽ റോഡിൽ വെള്ളക്കെട്ട് രൂപപ്പെടും. അഴുക്കുചാലുകൾ മിക്കിയിടത്തും മൂടി കിടക്കുകയാണ്.