തീരുവ വർദ്ധനയിലും ഉലയാതെ ഇലക്ട്രോണിക്സ് കയറ്റുമതി

Wednesday 15 October 2025 12:52 AM IST

സ്‌മാർട്ട് ഫോൺ കയറ്റുമതിയിൽ 95 ശതമാനം വർദ്ധന

കൊച്ചി: ഡൊണാൾഡ് ട്രംപിന്റെ 50 ശതമാനം തീരുവ മറികടന്നും ഇന്ത്യയുടെ സ്‌മാർട്ട് ഫോൺ കയറ്റുമതി മികച്ച മുന്നേറ്റം തുടരുന്നു. സെപ്തംബറിൽ സ്‌മാർട്ട് ഫോൺ കയറ്റുമതി മുൻവർഷത്തേക്കാൾ 95 ശതമാനം ഉയർന്ന് 180 കോടി ഡോളറായെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്‌സ് അസോസിയേഷൻ വ്യക്തമാക്കി. സാധാരണ ആഗസ്‌റ്റ്, സെപ്തംബർ മാസങ്ങളിൽ ഉത്പാദനം പുനർക്രമീകരിക്കുന്നതിന്റെയും ഷിപ്പ്‌മെന്റ് സീസണുകളിലെ മാറ്റവും മൂലം കയറ്റുമതിയിൽ തളർച്ച ദൃശ്യമാകാറുണ്ട്. എങ്കിലും ഇത്തവണ മുൻവർഷത്തേക്കാൾ മികച്ച വാങ്ങൽ താത്പര്യമാണ് ദൃശ്യമായത്.

ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള ആറ് മാസത്തിൽ സ്മാർട്ട് ഫോൺ കയറ്റുമതി 60 ശതമാനം വർദ്ധനയോടെ 1,350 കോടി ഡോളറായെന്നും വിലയിരുത്തുന്നു. മുൻവർഷം ഇതേകാലയളവിൽ കയറ്റുമതി 850 കോടി ഡോളറായിരുന്നു. മൊത്തം കയറ്റുമതിയിൽ 70 ശതമാനവും അമേരിക്കയിലേക്കാണ്. യു.എ.ഇ, ഓസ്ട്രിയ, യു.കെ എന്നിവയാണ് മറ്റ് പ്രധാന വിപണികൾ. ഇക്കാലയളവിൽ അമേരിക്കയിലേക്കുള്ള സ്‌മാർട്ട് ഫോൺ കയറ്റുമതി 200 ശതമാനം ഉയർന്ന് 940 കോടി ഡോളറിലെത്തി.

ഗൂഗിളിന്റെ ഇന്ത്യ എ.ഐ കേന്ദ്രം വിശാഖപട്ടണത്ത്

നിക്ഷേപം 1,500 കോടി ഡോളർ

കൊച്ചി: ആഗോള വ്യാപാര യുദ്ധവും ഡൊണാൾഡ് ട്രംപിന്റെ സൊഫ്റ്റവെയർ കയറ്റുമതി നിയന്ത്രണങ്ങൾക്കുമിടെ ലോകത്തിലെ മുൻനിര ഐ.ടി സ്ഥാപനമായ ഗൂഗിൾ 1,500 കോടി ഡോളർ നിക്ഷേപത്തിൽ വിശാഖപട്ടണത്ത് രാജ്യത്തെ ഏറ്റവും വലിയ നിർമ്മിത ബുദ്ധി(എ.ഐ) കേന്ദ്രം ആരംഭിക്കുന്നു. എ.ഐ അടിസ്ഥാനസൗകര്യം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനും ഇന്തോയു.എസ് സഹകരണം ശക്തമാക്കുന്നതിനും ലക്ഷ്യമിടുന്ന പുതിയ കേന്ദ്രത്തിലൂടെ ഒരു ലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെടും. അമേരിക്കയ്ക്ക് പുറത്ത് ഗൂഗിൾ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. എ.ഐ അടിസ്ഥാനസൗകര്യം, ഡാറ്റ സെന്ററുകൾ, പുനരുത്പാദന ഊർജശേഷി, പുതിയ സബ്‌സീ ഗേറ്റ്‌വേ എന്നിവ സംയോജിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ജിഗാവാട്ട് സ്‌കെയിൽ ഡാറ്റ സെന്റർ കാമ്പസാണിത്.