ഓക്സിജൻ സി.ഇ.ഒ ഷിജോ കെ.തോമസിന് ബർക്കുമാൻസ് സംരംഭക പുരസ്‌കാരം
ചങ്ങനാശേരി: സംരംഭകത്വ രംഗത്തെ മികവിനുള്ള ചങ്ങനാശേരി എസ്.ബി കോളേജിന്റെ ബർക്കുമാൻസ് പുരസ്‌കാരം ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒയും സ്ഥാപകനുമായ ഷിജോ കെ. തോമസ് ഏറ്റുവാങ്ങി. സംരംഭകത്വത്തിലെ മികവ്, നൂതനത്വം, സാമൂഹിക സ്വാധീനം എന്നീ മാനദണ്ഡങ്ങൾക്കനുസരിച്ച് വിശദമായ പരിശോധനകൾക്ക് ശേഷമാണ് ഷിജോ കെ. തോമസിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
എസ്ബി കോളേജിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭ (എം.എസ്.എം.ഇ) മന്ത്രാലയംജോയിന്റ് ഡയറക്ടറും ഓഫീസ് മേധാവിയുമായ പ്രകാശ് ജി.എസിൽ നിന്ന് ഷിജോ കെ. തോമസ് സ്വീകരിച്ചു. കോളേജ് മാനേജർ റവ. ഫാ. ആന്റണി ഏത്തക്കാട്, പ്രിൻസിപ്പൽ ഫാ. ടെഡി സി. കാഞ്ഞൂപ്പറമ്പിൽ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിന്റെ സംരംഭകത്വ ഭൂപടത്തിൽ സുപ്രധാനമായ സ്ഥാനമാണ് ഈ പുരസ്‌കാരത്തിലൂടെ ഷിജോ കെ. തോമസ് ഉറപ്പിച്ചത്. സംരംഭക സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്ന എസ്.ബി കോളേജിന്റെ ദീർഘകാല പ്രതിബദ്ധത ഈ 30-ാം എഡിഷനിലൂടെ വീണ്ടും തെളിയിച്ചുവെന്ന് മാനേജ്മെന്റ് പറഞ്ഞു.