നവംബർ ഒന്നുമുതൽ ഡോക്ടർമാരുടെ നിസഹകരണ സമരം

Wednesday 15 October 2025 1:37 AM IST

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ ജീവനക്കാർക്ക് സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ സമരത്തിലേക്ക്. കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ നവംബർ ഒന്നു മുതൽ ഡോക്ടർമാർ നിസഹകരണ സമരം ആരംഭിക്കും. രോഗിപരിചരണം ഒഴികെയുള്ള മറ്റ് ഡ്യൂട്ടികളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് സംഘടന സംസ്ഥാന പ്രസിഡന്റ് ഡോ.പി.കെ.സുനിൽ,ജനറൽ സെക്രട്ടറി ഡോ.ജോബിൻ ജി. ജോസഫ് എന്നിവർ അറിയിച്ചു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സമരം.ആശുപത്രികളെ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണമെന്ന ദീർഘകാലത്തെ ആവശ്യം യാഥാർത്ഥ്യമായിട്ടില്ല. ഡോ.വന്ദനാ ദാസിന്റെ ദാരുണ കൊലപാതകത്തെത്തുടർന്ന് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗത്തിലെടുത്ത സുപ്രധാന തീരുമാനങ്ങളിൽ പലതും ഇപ്പോഴും നടപ്പിലായിട്ടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.