10 വർഷത്തെ ഇടതുഭരണം കേരളത്തെ ആരും കൊതിക്കുന്ന നാടാക്കി:മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തെ ഇടതുമുന്നണി ഭരണത്തിൽ കേരളം ആരും കൊതിച്ചുപോകുന്ന നാടായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണത്തിന്റെ നേട്ടങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ജനങ്ങളുടെ പിന്തുണയോടെ അത് മറികടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വിദ്യാഭ്യാസ,അടിസ്ഥാന സൗകര്യമേഖലകളിൽ വൻ കുതിപ്പുണ്ടായി. കേരളത്തെ അവഹേളിച്ച് കേരള സ്റ്റോറി നിർമ്മിച്ചയാളുകൾ പോലും നാട്ടിലെ മെച്ചപ്പെട്ട സ്ഥിതി കണ്ട് അത്ഭുതപ്പെട്ടു.നാട്ടിൽ ഒരിടത്തും മാലിന്യകൂമ്പാരങ്ങളില്ല.ജനങ്ങൾ നല്ല വസ്ത്രങ്ങൾ ധരിച്ച് നടക്കുന്നു. സർക്കാരിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ജീവനക്കാരുടെ സംഘടനയുടെ ലക്ഷ്യം. സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ ജനങ്ങളിൽ എത്തിക്കാൻ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വാഗതസംഘം അദ്ധ്യക്ഷനും സി.പി.എം ജില്ലാസെക്രട്ടറിയുമായ വി.ജോയി എം.എൽ.എ സ്വാഗതം പറഞ്ഞു. എ.കെ.ജി ഹാളിൽ നടന്ന പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് നിഷ ജാസ്മിൻ,പി.ഹണി,ജനറൽ സെക്രട്ടറി എസ്.എസ്.ദീപു,എൻ.ജി.ഒ.യൂണിയൻ ജനറൽ സെക്രട്ടറി എം.വി.ശശികുമാർ, എൽ.സി.എ.ഷാഫി, ഷാജഹാൻ, സജികുമാർ, പി.ബിജു തുടങ്ങിയവർ സംസാരിച്ചു.