പാലക്കാട്ട് 2 യുവാക്കൾ വെടിയേറ്റ് മരിച്ച നിലയിൽ

Wednesday 15 October 2025 1:43 AM IST

പാലക്കാട്: കല്ലടിക്കോട്ട് രണ്ട് യുവാക്കളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മരുതുംകാട് വീട്ടിൽ പരേതയായ തങ്കയുടെ മകൻ ബിനു (42), അയൽവാസി മരുതുംകാട് കളപ്പുരയ്ക്കൽ ഷൈലയുടെ മകൻ നിധിൻ (26) എന്നിവരാണ് മരിച്ചത്. ഇരുവരും സുഹൃത്തുക്കളാണ്. കരിമ്പ മരുതുംകാട് പഴയ സ്‌കൂളിനു സമീപം ഇന്നലെ വൈകിട്ട് മൂന്നോടെയാണ് മൃതദേഹങ്ങൾ കണ്ടത്.

നിധിനെ വെടിവച്ചശേഷം ബിനു സ്വയം വെടിയുതിർത്തതാകാം എന്നാണ് കരുതുന്നതെന്ന് ജില്ലാ പൊലീസ് മേധാവി അജിത് കുമാർ പറഞ്ഞു. റോഡിലാണ് ബിനുവിന്റെ മൃതദേഹം കണ്ടത്. സമീപത്തായി നാടൻ തോക്കും കണ്ടെത്തി. സമീപത്തെ വീട്ടിനുള്ളിലായിരുന്നു നിധിന്റെ മൃതദേഹം. യുവാക്കൾ തമ്മിൽ എന്തെങ്കിലും വൈരാഗ്യം ഉള്ളതായി അറിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. കല്ലടിക്കോട് പൊലീസ് അന്വേഷണം തുടങ്ങി.

ഒരു വർഷം മുമ്പ് അമ്മ മരിച്ചശേഷം ബിനു വീട്ടിൽ ഒറ്റയ്ക്കാണ് താമസം. മൃതദേഹത്തിന് സമീപം കണ്ടെത്തിയ തോക്ക് ഇയാളുടേതാണെന്ന് നാട്ടുകാർ പറയുന്നു. അമ്മയ്ക്കും സഹോദരനുമൊപ്പം താമസിക്കുന്ന നിധിന് നാട്ടുകാരുമായി വലിയ അടുപ്പമുണ്ടായിരുന്നില്ല. ബിനു ടാപ്പിംഗ് തൊഴിലാളിയും നിധിൻ കൂലിപ്പണിക്കാരനുമാണ്. മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടം ഇന്ന് നടക്കും.