വിദ്യാർത്ഥി ആത്മഹത്യകൾ: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് താക്കീത്

Wednesday 15 October 2025 12:00 AM IST

ന്യൂഡൽഹി: വിദ്യാർത്ഥി ആത്മഹത്യകൾ തടയുന്നതിനുള്ള ശ്രമങ്ങളിൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം സഹകരിക്കാത്തതിൽ കടുത്ത അതൃപ്‌തി പ്രകടിപ്പിച്ച് സുപ്രീംകോടതി.

ഐ.ഐ.‌ടികൾ, ഐ.ഐ.എമ്മുകൾ തുടങ്ങി 57000ൽപ്പരം സ്ഥാപനങ്ങൾ സുപ്രീംകോടതി നിയോഗിച്ച പത്തംഗ ദേശീയ ദൗത്യസേനയുമായി സഹകരിക്കുന്നില്ല. അതിനാൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ പോലും കഴിയുന്നില്ല. സർവേയ്‌ക്ക് പിന്തുണ നൽകിയില്ലെങ്കിൽ കർശന നടപടിയിലേക്ക് കടക്കുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് താക്കീതും അന്ത്യശാസനവും നൽകി.

നാലു തവണ ആവശ്യപ്പെട്ടിട്ടും 17 ഐ.ഐ.ടികൾ, 15 ഐ.ഐ.എമ്മുകൾ തുടങ്ങിയവ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്ന് അമിക്കസ് ക്യൂറി അഡ്വ. അപ‌ർണ ഭട്ട് അറിയിച്ചപ്പോഴാണ് കോടതിയുടെ പ്രതികരണം. 3500 സ്ഥാപനങ്ങൾ മാത്രമാണ് സർവേയോട് സഹകരിക്കാമെന്ന് ഉറപ്പു നൽകിയത്.ജാതി വിവേചനം, റാംഗിംഗ്, ലിംഗ വിവേചനം, ലൈംഗികാതിക്രമം, പഠനഭാരം തുടങ്ങിയ കാരണങ്ങളാൽ കലാലയങ്ങളിൽ ഇനിയൊരു ജീവൻ നഷ്‌ടപ്പെടരുതെന്ന ഉദ്ദ്യേശത്തോടെയാണ് ദേശീയ ദൗത്യസേന രൂപീകരിച്ചത്. സുപ്രീംകോടതി റിട്ട. ജഡ്‌ജി എസ്. രവീന്ദ്ര ഭട്ടാണ് അദ്ധ്യക്ഷൻ. വയനാട് പൂക്കോട് വെറ്രിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണവും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.