ബിവിനെ വെല്ലാൻ ഇക്കുറിയും ആളില്ല
കൊച്ചി: ഡിസ്കസ് 40.88 മീറ്ററിലേക്ക് പറ പറത്തി സീനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ സ്വർണ മെഡൽ നിലനിറുത്തി ബിവിൻ. കിരമ്പാറ സെന്റ് സ്റ്റീഫൻസ് എച്ച്. എസ്. എസിലെ പ്ലസ് ടു വിദ്യാർത്ഥിയുടെ ലക്ഷ്യം സംസ്ഥാന സ്കൂൾ കായികമേളയിൽ ആദ്യ സ്വർണം. മലപ്പുറം മഞ്ചേരി കാവന്നൂർ സ്വദേശി സെന്റ് സ്റ്റീഫൻസിലേക്ക് കൂടുമാറിയതും ഈ ഒരു കാരണത്താൽ. 2023ൽ സംസ്ഥാന മീറ്റിൽ വെള്ളി മെഡൽ നേടിയിരുന്നു. ആറ് വർഷം മുമ്പാണ് ബിവിൻ അത്‌ലറ്റിക്സിലേക്ക് തിരിഞ്ഞത്. കൊവിഡ് കാലത്ത് തടിവച്ചതോടെ ഓട്ടം മതിയാക്കി ത്രോയിലേക്ക് മാറി. ഡിസ്കസും ഷോട്ടും പ്രധാന ഇനമാക്കി. മലപ്പുറത്തിനായി ജില്ലാതലത്തിൽ മെഡൽ നേടി. സ്റ്റേറ്റ് സ്വർണമെഡൽ കിട്ടാതെ വന്നപ്പോൾ എം.എ അക്കാഡമിയിലേക്ക് മാറാൻ തീരുമാനിച്ചു. കീരമ്പാറയിൽ എത്തി സെന്റ് സ്റ്റീഫൻസിൽ പ്ലസ് ടുവിന് വീണ്ടും ചേർന്നു. കഴിഞ്ഞ വർഷം ജില്ലയിൽ നിന്ന് ഡിസ്‌കസിൽ സ്വർണം നേടിയെങ്കിലും സംസ്ഥാന തലത്തിൽ നാലാമത് എത്താനെ സാധിച്ചുള്ളൂ. ബാലകൃഷ്ണൻ - വിജയകുമാരി എന്നിവരാണ് മാതാപിതാക്കൾ.