കൈ വിട്ട വാക്കിന്റെ വില: നവീൻ ബാബുവിന്റെ മരണത്തിന് ഒരു വർഷം
കണ്ണൂർ: എ.ഡി.എം കെ.നവീൻ ബാബുവിനെ കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദിവസത്തിന് ഇന്നേക്ക് ഒരാണ്ട്. മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്ന നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം നിറവേറപ്പെടാതെ കിടക്കുന്നു.
വിരമിക്കാൻ ഏഴു മാസം മാത്രം ബാക്കിയുള്ള നവീൻ ബാബുവിന് സ്വന്തം നാട്ടിലേക്കുള്ള സ്ഥലംമാറ്റം ആഗ്രഹിച്ച് ലഭിച്ചതായിരുന്നു. അതിനു മുമ്പ് സഹപ്രവർത്തകരോട് നന്ദി പറയാൻ
സംഘടിപ്പിച്ച യോഗത്തിലേക്ക് ക്ഷണിക്കപ്പെടാതെ കടന്നുവന്നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ പരസ്യമായി അദ്ദേഹത്തെ അപമാനിച്ചത്. കൈക്കൂലി വാങ്ങിയെന്ന ആരോപണം ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചപ്പോൾ നവീൻബാബുവിന് മുന്നിൽ
മറ്റൊരു വഴിയില്ലായിരുന്നു.2024 ഒക്ടോബർ 14ന് യാത്രയയപ്പ് യോഗത്തിന് ശേഷം വൈകുന്നേരം 6 മണിക്ക് ഡ്രൈവർ ഷംസുദ്ദീൻ നവീൻ ബാബുവിനെ റെയിൽവേ സ്റ്റേഷൻ സമീപം ഇറക്കിവിട്ടിരുന്നു. എന്നാൽ അദ്ദേഹം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്സിൽ എപ്പോൾ, എങ്ങനെ എത്തിയെന്നതിന് സി.സി ടി.വി ദൃശ്യങ്ങളോ ,ടാക്സി,ഓട്ടോറിക്ഷ എന്നിവയിൽ വന്നതോ സംബന്ധിച്ച് ഒന്നും കണ്ടെത്തിയിട്ടില്ല.
. നവീൻ ബാബു ക്വാർട്ടേഴ്സിൽ വച്ച് 98,500 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരിയാരം മെഡിക്കൽ കോളേജ് ഇലക്ട്രീഷ്യനായ വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടി.വി.പ്രശാന്തന്റെ ആരോപണം.നാലു കോടി രൂപ മുടക്കി പമ്പ് തുടങ്ങാൻ ശേഷിയില്ലാത്ത പ്രശാന്തന്റെ പിന്നിലാര്?. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകിയെന്ന് പ്രചരിപ്പിച്ച കത്ത് കെട്ടിച്ചമച്ചതാണെന്ന് നവീൻബാബുവിന്റെ കുടുംബം ആരോപിക്കുന്നു.നവീൻബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് ലാൻഡ് റവന്യു കമ്മിഷണർ എ.ഗീതയുടെ അന്വേഷണ റിപ്പോർട്ട്. കൈക്കൂലി കൈമാറിയതിന് തെളിവില്ലെന്നാണ് വിജിലൻസ് സ്പെഷ്യൽ സെല്ലിന്റെ റിപ്പോർട്ടും. അഴിമതി തെളിയിക്കാനായില്ലെന്ന് തലശ്ശേരി സെഷൻസ് ജഡ്ജി കെ.ടി.നിസാർ അഹമ്മദും നിരീക്ഷിച്ചിരുന്നു.
പാർട്ടിയും ഒപ്പമില്ല
നവീൻ ബാബുവിനൊപ്പം നിൽക്കുമെന്ന് പറഞ്ഞ സി.പി.എം പിന്നീട് പിന്മാറുകയായിരുന്നു. കുടുംബം ആവശ്യപ്പെട്ട സി.ബി.ഐ അന്വേഷണത്തെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സംസ്ഥാന സർക്കാർ എതിർത്തു .നവീൻബാബുവിനെ മാനസിക സമ്മർദ്ദത്തിലാക്കിയ ജില്ലാകളക്ടർ അരുൺ കെ.വിജയനെ മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തിനും സർക്കാർ ചെവി കൊടുത്തില്ല.
നവീൻബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് മഞ്ജുഷ നൽകിയ ഹർജി തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ഡിസംബർ 16ന് കോടതി പരിഗണിക്കും.