ആലപ്പുഴ സി.പി.എമ്മിൽ രാഷ്ട്രീയ 'കൊള്ളസംഘം': ജി.സുധാകരൻ
ആലപ്പുഴ: സി.പി.എമ്മിൽ തനിക്കെതിരായ സൈബർ ആക്രമണത്തിൽ പരസ്യമായി പൊട്ടിത്തെറിച്ച് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയുമായ ജി.സുധാകരൻ. ആലപ്പുഴയിൽ പൊളിറ്റിക്കൽ 'ഗ്യാങ്ങ്സ്റ്ററിസ'മാണെന്ന് അദ്ദഹം തുറന്നടിച്ചു.
ജില്ലാ കമ്മിറ്റി അംഗം കെ.കെ ഷാജു ഉൾപ്പെടെ തനിക്കെതിരെ സൈബർ ആക്രമണം നടത്തിയവരുടെയും നേതൃത്വം നൽകുന്നവരുടെയും പേരെടുത്ത് പറഞ്ഞാണ് സ്വകാര്യ ടി.വി ചാനലിലെ സുധാകരന്റെ വെളിപ്പെടുത്തൽ.
'ഞാൻ ഫേസ് ബുക്കിലെങ്ങും ഒരാൾക്കെതിരെയും വ്യക്തിപരമായി ആക്ഷേപങ്ങൾ ഉന്നയിക്കാറില്ല. ഏറ്റവും ഒടുവിൽ കെ.കെ ഷാജുവിന്റെതാണ് രണ്ട് പോസ്റ്റ്. ഞാൻ കോൺഗ്രസിൽ പോകാൻ പോകുന്നുവെന്നൊക്കെയാണ് പ്രവചനങ്ങൾ . ഒരു ജില്ലാ കമ്മിറ്റിയംഗം എനിക്കെതിരെ പോസ്റ്റിടണമെങ്കിൽ ജില്ലാ നേതൃത്വം അതിന് സമാധാനം പറയണം. കോൺഗ്രസിലൊക്കെ പോയിട്ട് തിരികെ വന്നയാളാണ് കോൺഗ്രസിന്റെ പരിപാടിയിൽ ഞാൻ പങ്കെടുത്തതിനെ വിമർശിച്ചത്. സൈബർ പോരാളികളിൽ ചിലർ എന്റെ അച്ഛനെയും പരാമർശിച്ചു. അവസാന കാലത്തും തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്തയാളാണ് എന്റെ അച്ഛൻ. രക്തസാക്ഷിയായ എന്റെ അനുജനെ ഞങ്ങളിൽ നിന്നങ്ങെടുത്തിട്ട് സ്വന്തമാക്കിയിട്ട് സംസാരിക്കുകയാണ്.കോൺഗ്രസ് സെമിനാർ നടത്തിയാൽ അതിൽ പങ്കെടുക്കാൻ പാടില്ലെന്ന് പാർട്ടി പറഞ്ഞിട്ടില്ല. ആകെ ഞാൻ പോയിട്ടുള്ളത് രണ്ട് സെമിനാറിനാണ് .മന:പൂർവം അമ്പലപ്പുഴയിലെ ഒരു നേതാവിന്റെ നിർദേശ പ്രകാരം കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി സംസ്കാര ശൂന്യമായ പ്രവർത്തനമാണ് നടക്കുന്നത്- സുധാകരൻ പറഞ്ഞു.