കളക്ടർ സ്വപ്നത്തിലേക്ക് പൊന്നെറിഞ്ഞിട്ട് സഞ്ജിത്ത്
കോതമംഗലം: ഒഡീഷ സ്വദേശി സഞ്ജിത് നായിക്കിന് ജീവിതത്തിൽ ഊർജമായി ഇരട്ടസ്വർണ നേട്ടം. സബ് ജൂനിയർ ആൺകുട്ടികളുടെ ഷോട്ട് പുട്ടിലും ഇതേ വിഭാഗത്തിൽ ഡിസ്കസ് ത്രോയിലുമാണ് കാലടി നീലേശ്വരം എസ്.എൻ.ഡി.പി എച്ച്. എസിലെ എട്ടാം ക്ലാസുകാരൻ പൊന്നുകൾ എറിഞ്ഞിട്ടത്. 9.90 മീറ്റർ ദൂരത്തേയ്ക്ക് ഷോട്ട് പായിച്ച് ആദ്യ സ്വർണം നേടി. ഉച്ചയ്ക്ക് ശേഷം നടന്ന രണ്ടാമത്തെ മത്സരത്തിൽ 26.33 മീറ്റർ ദൂരം കണ്ടെത്തിയാണ് ഡബിൾ പൂർത്തിയാക്കായത്.
സഞ്ജിത്തിന്റെ പിതാവ് ഉഗ്രനായിക്ക് 14 വർഷം മുമ്പ് ജോലി തേടിയാണ് എറണാകുളത്ത് എത്തിയത്. മേക്കാലടിയിലെ ഒരു ക്രഷറിൽ ജോലി കിട്ടിയതോടെ കുടുംബത്തെ കൂടെ കൂട്ടി. അന്ന് സഞ്ജിത്തിന് ഒരു വയസ്. സമീപത്തെ സ്കൂളിലാണ് 4 വരെ പഠിച്ചത്. എസ്.എൻ.ഡി.പി എച്ച്. എസിൽ എത്തിയപ്പോഴാണ് കായിക രംഗത്തേയ്ക്ക് തിരിഞ്ഞത്. ഓട്ടമായിരുന്നു പ്രധാന ഇനം. കായികാദ്ധ്യാപകൻ അഖിലിന്റെ നിർദ്ദേശപ്രകാരം ത്രോയിലേക്ക് മാറി. കഴിഞ്ഞ വർഷം ഡിസ്കസ് ത്രോയ്ക്ക് വെള്ളിയുണ്ടായിരുന്നു. "നല്ലൊരു മനുഷ്യനാകണം. കായിക രംഗത്തേക്ക് തിരിഞ്ഞാൽ അതിന് കഴിയുമെന്ന് ഉറപ്പാണ്. കളക്ടറാകണമെന്നാണ് ആഗ്രഹം" സഞ്ജിത്ത് പറഞ്ഞു.
ക്രഷറിയിലെ ഒരു കുടുസു മുറിയിലാണ് സഞ്ജിത്തും പിതാവും കഴിയുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം മൂന്ന് വർഷം അമ്മയും സഹോദരങ്ങളും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. വർഷത്തിൽ 2 മാസം അച്ഛൻ നാട്ടിലേക്ക് പോകും. അപ്പോൾ സഞ്ജിത്ത് ഒറ്റയ്ക്കാവും. 10 വയസ് മുതൽ ഇങ്ങനെ ആയിരുന്നതിനാൽ ഒറ്റയ്ക്ക് കഴിയാൻ പേടിയില്ല. വീട്ടിലെ ജോലികൾ എല്ലാം ചെയ്ത് സ്കൂളിൽ മുടങ്ങാതെ എത്തും. ടീച്ചർമാർ ഇത് കണ്ടുപിടിച്ചതോടെ പിതാവ് നാട്ടിലേക്ക് മടങ്ങുമ്പോൾ സഞ്ജിത്തിനെ ഹോസ്റ്റലിലേക്ക് മാറ്റും. സ്കൂളാണ് ഇതിന്റെ ചെലവെല്ലാം വഹിക്കുന്നത്.