മലബാർ ദേവസ്വം കമ്മിഷണറുടെ എൽഎൽ.ബി ബിരുദം വിവാദത്തിൽ

Wednesday 15 October 2025 1:39 AM IST

കോഴിക്കോട്: മലബാർ ദേവസ്വം ബോർഡ് കമ്മിഷണർ തൃശൂർ സ്വദേശി ടി.സി. ബിജു സർവീസിലിരിക്കെ ബോർഡിന്റെ അനുമതിയില്ലാതെ നേടിയ എൽഎൽ.ബി ബിരുദത്തിൽ വിവാദം.മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് ഓഫീസിൽ ഓഡിറ്റിംഗ് ഇൻസ്പെക്ടറായിരിക്കെ കൊച്ചിയിലെ കുസാറ്റ് കാമ്പസിൽ ഈവനിംഗ് ബാച്ചിലാണ് എൽ എൽ.ബി ബിരുദം കരസ്ഥമാക്കിയത്. കുസാറ്റിലെ ഈവനിംഗ് കോഴ്സിന് ഹാജർ നിർബന്ധമാണ്. മൂന്ന് വർഷത്തെ കോഴ്സ് 90 ശതമാനം ഹാജരോടെയാണ് പാസായത്. അതേസമയം, ദേവസ്വം ഓഫീസിൽ 96 ശതമാനം ഹാജരുമുണ്ട്.

എൽഎൽ.ബി പഠനത്തിന് ബിജുവിന് ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലെന്ന് വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. ബോർഡ് തലശേരി സീനിയർ സൂപ്രണ്ട് ടി.എസ്. സുരേഷാണ് വിവരാവകാശ അപേക്ഷ നൽകിയത്. ഓഡിറ്റ് ഇൻസ്പെക്ടറിൽ നിന്ന് ബിജുവിന് പ്രൊമോഷൻ ലഭിക്കാൻ കാരണം എൽഎൽ.ബി ബിരുദമാണ്. ഡെപ്യൂട്ടി കമ്മിഷണറാകണമെങ്കിൽ പോലും എൽഎൽ.ബി ബിരുദം നിർബന്ധമാണ്. ഈ വർഷം ഫെബ്രുവരി ഒന്നിനാണ് ബിജു കമ്മിഷണറായത്.

ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണ്. കേസുകൾ ഹൈക്കോടതി തള്ളിയതാണ്. വിദൂര വിദ്യാഭ്യാസനിയമപ്രകാരം ബിരുദമെടുത്തത്

തെറ്റാണെന്ന് കരുതുന്നില്ല

-ഒ.കെ. വാസു,

മലബാർ ദേവസ്വം

ബോർഡ് പ്രസിഡന്റ്

ഞാൻ ഇതേ കാലയളവിൽ തിരുവനന്തപുരത്ത് ഡെപ്യൂട്ടേഷനിൽ ജോലി ചെയ്ത് ഈവനിംഗ് കോഴ്സായി എൽഎൽ.ബി ബിരുദം നേടിയിരുന്നെങ്കിലും അത് മറികടന്നാണ് ബിജുവിന് നിയമനം നൽകിയത്

- ടി.എസ്. സുരേഷ്,

സീനിയർ സൂപ്രണ്ട്