വിൻഡീസിന്റെ പണിതീർത്തു

Tuesday 14 October 2025 11:48 PM IST

രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം

പരമ്പര ഇന്ത്യ 2-0ത്തിന് തൂത്തുവാരി

ഗില്ലിന് ക്യാപ്ടനായി ആദ്യ പരമ്പര ജയം

ന്യൂഡൽഹി : വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഏഴുവിക്കറ്റിന് ജയിച്ച് ഇന്ത്യൻ ടീം രണ്ടുമത്സര പരമ്പര തൂത്തുവാരി. ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഞ്ചാം ദിവസമായ ഇന്നലെ രാവിലെ 63/1 എന്ന നിലയിൽ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തി രണ്ടാം ഇന്നിംഗ്സിൽ ജയിക്കാൻ വേണ്ടിയിരുന്ന 58 റൺസ് കൂടി നേടുകയായിരുന്നു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ യശസ്വി ജയ്സ്വാൾ (175),ശുഭ്മാൻ ഗിൽ (129*) എന്നിവരുടെ സെഞ്ച്വറി മികവിൽ ആദ്യ ഇന്നിംഗ്സിൽ 518/5 എന്ന നിലയിൽ ഡിക്ളയർ ചെയ്തു. തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ വിൻഡീസ് 248 റൺസിന് ആൾഔട്ടായതോടെ ഇന്ത്യ ഫോളോ ഓൺ ചെയ്യാനിറക്കി. ഫോളോ ഓൺ ഇന്നിംഗ്സിൽ പൊരുതിനിന്ന ജോൺ കാംപ്ബെല്ലിന്റേയും (115), ഷായ് ഹോപ്പിന്റേയും (103),ജസ്റ്റിൻ ഗ്രീവ്സിന്റേയും (50*) മികവിൽ 390 റൺസിലെത്തി ഇന്നിംഗ്സ് തോൽവി ഒഴിവാക്കി.ഇതോടെയാണ് ഇന്ത്യയ്ക്ക് 121 റൺസ് വിജയലക്ഷ്യമായി കുറിക്കപ്പെട്ടത്. നാലാം ദിനം കളിനിറുത്തുമ്പോൾ യശസ്വിയെ (8) നഷ്ടപ്പെട്ടിരുന്ന ഇന്ത്യ ഇന്നലെ രാവിലെ സായ് സുദർശൻ (39), ഗിൽ (13) എന്നിവരുടെ വിക്കറ്റുകൾ കൂടി നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. കെ.എൽ രാഹുൽ 58 റൺസുമായും ധ്രുവ് ജുറേൽ ആറു റൺസുമായും പുറത്താകാതെ നിന്നു.

ആദ്യ ടെസ്റ്റിൽ വിൻഡീസിനെതിരെ ഇന്നിംഗ്സിനും 140 റൺസിനുമാണ് ഇന്ത്യ വിജയിച്ചിരുന്നത്. നായകനെന്ന നിലയിൽ ശുഭ്മാൻ ഗില്ലിന്റെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്.

പ്ളേയർ ഒഫ് ദ മാച്ച് :

കുൽദീപ് യാദവ്

ഇരു ഇന്നിംഗ്സുകളിലുമായി എട്ടുവിക്കറ്റുകൾ. ആദ്യ ഇന്നിംഗ്സിൽ 82 റൺസ് വഴങ്ങി അഞ്ചുവിക്കറ്റുകൾ. രണ്ടാം ഇന്നിംഗ്സിൽ 104 റൺസിന് മൂന്ന് വിക്കറ്റ്. ഇംഗ്ളണ്ട് പര്യടനത്തിൽ ടീമിലുണ്ടായിരുന്നിട്ടും ഒരു മത്സരത്തിൽപോലും അവസരം ലഭിക്കാതിരുന്നതിന്റെ സങ്കടം തീർത്ത പ്രകടനം.

പ്ളേയർ ഒഫ് ദ സിരീസ് :

രവീന്ദ്ര ജഡേജ

വൈസ് ക്യാപ്ടനായി അരങ്ങേറിയ ജഡേജ രണ്ട് ടെസ്റ്റുകളിലുമായി നേടിയത് 104 റൺസും എട്ടുവിക്കറ്റുകളും. ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി (104) നേടിയ താരത്തിന് പിന്നീട് ബാറ്റിംഗിന് ഇറങ്ങേണ്ടിവന്നില്ല. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ നാലുവിക്കറ്റുകൾ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ മൂന്നുവിക്കറ്റും രണ്ടാം നന്നിംഗ്സിൽ ഒരു വിക്കറ്റും.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ്

പട്ടികയിൽ ഇന്ത്യ മൂന്നാമത്

വിൻഡീസിനെതിരായ പരമ്പര തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ മൂന്നാമതായി തുടരുന്നു. ഓസ്‌ട്രേലിയ, ശ്രീലങ്ക ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.ഏഴുമത്സരങ്ങളിൽ നാലു ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യക്കുള്ളത്. 61.90 ആണ് വിജയശതമാനം. കളിച്ച മൂന്നുമത്സരങ്ങളും വിജയിച്ച് 100 ശതമാനവുമായാണ് ഓസീസ് ഒന്നാമതുള്ളത്. 66.67 വിജയശതമാനമുള്ള ലങ്കയാണ് രണ്ടാമത്. രണ്ട് മത്സരങ്ങളിൽ ഒരു ജയവും സമനിലയുമാണ് ലങ്കയ്ക്ക്. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, വെസ്റ്റിൻഡീസ് ടീമുകളാണ് ഇന്ത്യക്ക് പിന്നിലുള്ളത്.