കാടിറങ്ങി കാട്ടാനകൾ ഭീതിയിൽ മലയോരം
നാദാപുരം: കാട്ടാനകൾ കാടിറങ്ങി ജീവനും സ്വത്തിനും ഭീഷണിയായതോടെ ഉറക്കംകെട്ട് മലയോര വാസികൾ. വിലങ്ങാട് ഭാഗങ്ങളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കാടിനുള്ളിൽ ആവശ്യമായ തീറ്റകൾ കിട്ടാതായതോടെയാണ് തീറ്റ തേടി കാടിറങ്ങുന്ന ആനകൾ ജനവാസ മേഖലയിലെ കൃഷി ഭൂമിയിൽ എത്തുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. കണ്ണവം വനമേഖലയിൽ നിന്നാണ് ആനകൾ കൂട്ടത്തോടെ സംസ്ഥാന അതിർത്തിയിലെ മലയോരത്തെത്തുന്നത്. വനാതിർത്തിയോട് ചേർന്ന് ഫെൻസിംഗ് പൂർത്തിയാക്കണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. വനാതിർത്തിയോട് ചേർന്നുള്ള ഭാഗങ്ങളിൽ നിരവധി വ്യക്തികളും സ്ഥാപനങ്ങളും ഏക്കർ കണക്കിന് ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി പ്രവർത്തിക്കുന്ന ഒരു ഭക്ഷണ നിർമ്മാണ വിതരണ സ്ഥാപനം 90 ഏക്കർ ഭൂമിയാണ് ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ മലയോരത്ത് വാങ്ങിയത്. ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലെ മാലിന്യം തള്ളാനൊരിടം എന്നതായിരുന്നു ഉദ്ദേശം. എന്നാൽ മാലിന്യ വണ്ടികൾ എത്തിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. പിന്നീട് അവർ ഈ പ്രദേശത്ത് വന്നില്ല. വർഷങ്ങളായി ഈ ഭൂമിയിൽ മരങ്ങളും കുറ്റി ചെടികളും വളർന്ന് വനം കണക്കെയായി. ഇത്തരത്തിൽ നൂറ് കണക്കിന് ഏക്കർ ഭൂമി മലയോരത്ത് വനാതിർത്തിയിൽ കാട് വളർന്ന് കിടക്കു കയാണ്. സ്ഥല ഉടമകൾ ഈ പ്രദേശത്ത് തിരിഞ്ഞ് നോക്കാറില്ല. ഈ ഭൂമിയിൽ ആനകൾക്ക് ആവശ്യമായ തീറ്റയും സുലഭമാണ്. അതിനാൽ തന്നെ ആനകൾ പതിവായി ഇവിടെ തമ്പടിക്കുന്ന സ്ഥിതിയാണ്. കൃഷിഭൂമിയിൽ ഇറങ്ങുന്ന ആനകൂട്ടം തെങ്ങ്, കമുക്, വാഴ തുടങ്ങി കണ്ണിൽ കണ്ടതെല്ലാം കുത്തിമറിച്ചും തിന്നും നശിപ്പിക്കുകയാണ്. ആനകൾ ജനവാസ കേന്ദ്രങ്ങളിൽ എത്തുമ്പോൾ വനപാലകർ പടക്കം പൊട്ടിച്ചും മറ്റും ഉൾവനത്തിലേക്ക് ഓടിച്ചു വിടാറുണ്ടെങ്കിലും ഏറെ വൈകാതെ ഇവ തിരിച്ചെത്തുന്ന സ്ഥിതിയാണ്. ഒരാഴ്ച മുമ്പ് പതിനാറോളം ആനകളാണ് കൂട്ടമായി വനമേഖലയോട് ചേർന്നുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് എത്തിയത്. ആനകളുടെ ശല്യം കൂടിയതോടെ പലരും കൃഷിയും കിടപ്പാടവും ഉപേക്ഷിച്ച് മലയിറങ്ങുകയാണ്.