150 യോഗങ്ങൾ പൂർത്തിയാക്കി റവന്യൂ സെക്രട്ടേറിയറ്റ്

Wednesday 15 October 2025 12:56 AM IST

തിരുവനന്തപുരം: സംസ്ഥാന റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമവും ക്രിയാത്മകവുമാക്കാൻ രൂപീകരിച്ച റവന്യൂ സെക്രട്ടേറിയറ്റ് ഇന്നലെ 150-ാമത് യോഗം പൂർത്തിയാക്കി. ജനോപകാരപ്രദമായ പല നടപടികളും നടപ്പാക്കാൻ വേണ്ട രൂപരേഖ തയ്യാറായിട്ടുള്ളത് കെ.രാജൻ റവന്യൂമന്ത്രിയായി ചുമതലയേറ്റ ശേഷം രൂപീകരിച്ച റവന്യൂ സെക്രട്ടേറിയറ്റിലാണ്.

നാലര വർഷത്തിൽ 2,23,945 പട്ടയങ്ങൾ വിതരണം ചെയ്യാനായ നേട്ടത്തിന് പിന്നിലും സ്മാർട്ട് വില്ലേജുകളുടെ നിർമ്മാണത്തിൽ നേട്ടം കൈവരിച്ചതും റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനങ്ങളുടെ ഫലമാണ്.

റവന്യൂ ഭവന നിർമ്മാണ മന്ത്രിയുടെ അദ്ധ്യക്ഷതയിലാണ് റവന്യൂ സെക്രട്ടേറിയറ്റ് ചേരുന്നത്. റവന്യൂ വകുപ്പ് സെക്രട്ടറി, ലാൻഡ് റവന്യൂ കമ്മിഷണർ, സർവെ ഡയറക്ടർ, ലാൻഡ് ബോർഡ് സെക്രട്ടറി, ഐ.എൽ.ഡി.എം ഡയറക്ടർ, ഹൗസിംഗ് കമ്മിഷണർ, സംസ്ഥാന നിർമ്മിതി കേന്ദ്രം ഡയറക്ടർ എന്നിവരടങ്ങുന്നതാണ് ഈ സംവിധാനം. ഓരോ ആഴ്ചയിലും കൂടുന്ന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ അടുത്ത യോഗത്തിൽ അവതരിപ്പിച്ചും വിശകലനം ചെയ്തുമാണ് പുതിയ അജൻഡകൾ ചർച്ചയ്ക്കെടുക്കുന്നത്.

2021 ജൂലായ് ഏഴിനാണ് ആദ്യ റവന്യൂ സെക്രട്ടേറിയറ്റ് യോഗം ചേർന്നത്. മുണ്ടക്കൈ ചൂരൽമല, കൂട്ടിക്കൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ നേരിട്ട അവസരങ്ങളിൽ മാത്രമാണ് യോഗം മാറ്റിവയ്ക്കപ്പെട്ടിട്ടുള്ളത്. ഇതുവരെ 366 അജൻഡകൾ യോഗത്തിന്റെ പരിഗണനയ്ക്ക് വന്നതിൽ 306 എണ്ണം തീർപ്പാക്കി. 27 വിഷയങ്ങളിൽ നടപടികൾ തുടരുകയാണ്. ബാക്കിയുള്ളവ കൂടുതൽ പരിശോധനകൾ ആവശ്യമുള്ളവയാണ്.

പട്ടയ മിഷൻ, ഡിജിറ്റൽ റീസർവെ പ്രവർത്തനങ്ങളും ഓൺലൈൻ, ഇസേവനങ്ങളും റവന്യു വകുപ്പിന് നൽകുന്ന ആവേശം ചെറുതല്ലെന്നും ഇക്കാലയളവിൽ ജനങ്ങളിൽ നിന്നു ലഭിച്ച നിവേദനങ്ങളും പരാതികളും പഠന വിധേയമാക്കിയാൽ റവന്യൂ വകുപ്പിന്റെ പരിഷ്കാരത്തിനുള്ള അടിസ്ഥാന രേഖയാക്കാമെന്നും മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു.