സർട്ടിഫിക്കറ്റിന് പഠന വൈകല്യം 'ആജീവനാന്ത'മാകണം

Wednesday 15 October 2025 12:57 AM IST

□സർട്ടിഫിക്കറ്റ് ആധാറുമായി ലിങ്ക് ചെയ്യണം

□വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിൽ ആശങ്ക

കൊച്ചി: എസ്.എസ്.എൽ.സി , ഹയർ സെക്കൻഡറി പരീക്ഷകൾക്ക് മുന്നോടിയായി പഠന വൈകല്യം സംബന്ധിച്ച സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ കുട്ടികൾ ആജീവനാന്ത വൈകല്യമുള്ളവരെന്ന് ഒപ്പിട്ട് നൽകണമെന്ന് സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ വിചിത്ര നിർദ്ദേശം.

കുട്ടിയുടെ വൈകല്യം സംബന്ധിച്ചുള്ള സമ്മതപത്രത്തിൽ ആജീവനാന്ത വൈകല്യമാണെന്ന് വിദ്യാർത്ഥിയും അദ്ധ്യാപകരും രക്ഷിതാക്കളും ഒപ്പിട്ടു നൽകണം. ഇതിനെത്തുടർന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ആധാറുമായി ലിങ്കു ചെയ്യണം.. സമഗ്ര ശിക്ഷാ കേരളം ജില്ലാ കോ-ഓർഡിനേറ്റർമാരുടേതാണ് ഉത്തരവ്.ഇത് ഭാവിയിൽ ഡ്രൈവിംഗ് ലൈസൻസ്, ജോലി എന്നിവയെയെല്ലാം ബാധിക്കുമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. ഇത്തരമൊരു സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയാൽ ഭാവിയിൽ രക്ഷിതാക്കൾ തങ്ങൾക്കെതിരെ കേസ് നൽകുമോയെന്ന് അദ്ധ്യാപകരും ഭയപ്പെടുന്നു.

ഇത് സംസ്ഥാന തലത്തിലുള്ള നിർദ്ദേശമാണെന്നാണ് ജില്ലാ കോ-ഓർഡിനേറ്റർമാരുടെ വിശദീകരണം.പരീക്ഷാ സഹായം വേണ്ട കുട്ടികയുടെ പട്ടിക കൈമാറുക മാത്രമായിരുന്നു മുൻ രീതി. തുടർന്ന് സ്‌പെസിഫിക് ലേണിംഗ് ഡിസെബിലിറ്റി പരിശോധന രക്ഷിതാവിന്റെയും കുട്ടിയുടെയും സമ്മതത്തോടെ നടത്തിയ ശേഷം സൈക്കോളജിസ്റ്റ് ആദ്യം ഐ.ക്യു പരിശോധനാ ഫലം മെഡിക്കൽ ബോർഡിന് വിടും. മെഡിക്കൽ ബോർഡ് കുട്ടിക്ക് നൽകേണ്ട ഇളവുകൾ നിശ്ചയിക്കും. ആജീവനാന്ത വൈകല്യമുണ്ടോ എന്നും ഈ ഘട്ടത്തിൽ

പരിശോധി​ക്കുമായിരുന്നു പുതിയ നിർദ്ദേശ പ്രകാരം ചെറിയ പഠന വൈകല്യമുള്ള കുട്ടികൾക്ക് പോലും ആജീവനാന്ത വൈകല്യമെന്ന് രേഖപ്പെടുത്തേണ്ടി വരും.

എണ്ണമറ്റ അപേക്ഷകൾ

കാരണമെന്ന്

സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ നിന്ന് ഉൾപ്പെടെ പഠന വൈകല്യമുള്ളവരുടെ ഗണത്തിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് എണ്ണമറ്റ കുട്ടികളുടെ അപേക്ഷകളാണ് സമീപകാലത്ത് ലഭിക്കുന്നത്. സമ്പൂർണ വി​ജയം പ്രതീക്ഷിച്ചാണ് പല സ്‌കൂളുകളുടെയും നീക്കം. ഇത് പരിശോധനകൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതോടെയാണ് സമഗ്രശിക്ഷാ കേരളത്തിന്റെ പുതിയ നീക്കം.

വിവാദ നിർദ്ദേശം

'ഈ കുട്ടികളുടെ ഐ.ക്യു., എസ്.ക്യു. എന്നിവയുടെ അസസ്‌മെന്റ് നടത്തി ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് എടുക്കുമ്പോൾ അത് ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നുവെന്നും, ആയത് ആജീവനാന്തമാണെന്ന കാര്യവും രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.'.