മയക്കുമരുന്ന് കേസിൽ ശിക്ഷിക്കപ്പെട്ടത് 321 പേർ; കേസുകളുടെ എണ്ണവും വർദ്ധിക്കുന്നു
മലപ്പുറം: ജില്ലയിൽ എൻ.ഡി.പി.എസ് കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. എക്സൈസ് വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം സെപ്തംബർ വരെ 321 പേർ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം 385 പേരാണ് ശിക്ഷിക്കപ്പെട്ടത്. പ്രതികളാവുന്നവരിൽ പകുതി പേരും 18നും 35നും ഇടയിൽ പ്രായമുള്ളവരാണ്. എൻ.ഡി.പി.എസ് കേസുകളിൽ കുറഞ്ഞത് പത്ത് വർഷമാണ് തടവ്. പിടികൂടുന്ന മയക്കുമരുന്നിന്റെ അളവ് അനുസരിച്ച് 20 വർഷം വരെ കഠിന തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കും. നിശ്ചിത അളവിലുള്ള ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് വധശിക്ഷയോ, 30 വർഷം വരെ കഠിന തടവോ നൽകാനും വ്യവസ്ഥയുണ്ട്. വ്യവസായികാടിസ്ഥാനത്തിലുള്ള ചില പ്രത്യേക മയക്കുമരുന്നുകൾ ഉൾപ്പെടുന്ന കുറ്റകൃത്യം ചെയ്യുക, നിരന്തരം കുറ്റകൃത്യം ആവർത്തിക്കുക എന്നീ കുറ്റങ്ങൾക്ക് വധശിക്ഷയാണ് ലഭിക്കുക.
പിന്നിലല്ല, മലപ്പുറം
- രജിസ്റ്റർ ചെയ്തപ്പെടുന്ന കേസുകളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. സെപ്തംബർ വരെ 618 കേസുകളുണ്ടായി.
- കോട്ടയവും ഇടുക്കിയും എറണാകുളവും ആലപ്പുഴയും കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൻ.ഡി.പി.എസ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് മലപ്പുറത്താണ്.
- എക്‌സൈസ് വകുപ്പ് മാത്രം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണമാണിത്. പൊലീസിന്റെ കേസുകൾ കൂടിയാവുമ്പോൾ ഇതിന്റെ ഇരട്ടിയോളം വരും.
- എം.ഡി.എം.എ, എൽ.എസ്.ഡി, മെതാംഫിറ്റാമിൻ, അംഫിറ്റാമിൻ, ഹാഷിഷ് ഓയിൽ, ഹെറോയിൻ, ബ്രൗൺ ഷുഗർ, ചരസ്, ഒപ്പിയം, കൊക്കൈയ്ൻ, മാജിക് മഷ്റൂം, മോർഫിൻ, നൈട്രോസെപ്പാംസ്, സ്പാസ്‌ലോ പ്രോക്സിവോൺ, കഞ്ചാവ് എന്നീ ലഹരി വസ്തുക്കളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
വർഷം ..........എൻ.ഡി.പി.എസ് കേസുകൾ.............. ശിക്ഷിക്കപ്പെട്ടവർ
2021 ............................. 304 ............................................ 142 2022 ............................. 361 ............................................ 214 2023 ............................. 613 ............................................ 318 2024............................. 765 ............................................ 385
2025 ............................ 618 ............................................ 321