ഓഫീസ് കെട്ടിടം മാറ്റാനാവില്ല: വില്ലേജ് ഓഫീസിനു കണ്ടെത്തിയ സ്ഥലം.പി ഡബ്ലി യു ഡി യുടേത്.
കാളികാവ് :സൗകര്യക്കുറവും ഒപ്പം അപകട സാദ്ധ്യതയുമുള്ള വെള്ളയൂർ വില്ലേജ് ഓഫീസ് കെട്ടിടം മാറ്റാനാവില്ല.ഓഫീസ് മാറ്റിസ്ഥാപിക്കുന്നതിനായി വണ്ടൂർ റോഡിൽ മൂച്ചിക്കൽ പാത്തിക്കല്ല് വളവിൽ കണ്ടെത്തിയ സ്ഥലം പി.ഡബ്ല്യു.ഡിയുടേതായതാണ് കാരണം.ഇവിടെ പത്ത് സെന്റോളം ഭൂമി ഒഴിഞ്ഞു കിടക്കുകയാണ്. ഈ ഭൂമിയിലേക്ക് ഓഫീസ് മാറ്റിപ്പണിയാനുള്ള നീക്കം
ഇതോടെ തടസ്സപ്പെട്ടു.ഇപ്പോൾ വെള്ളയൂർ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് കറുത്തേനി ഇറക്കത്തിലെ കൊടുവളവിലാണ്.ഇതേ വളവിൽ തന്നെയാണ് പൂങ്ങോട് ഐലാശ്ശേരി റോഡ് തുടങ്ങുന്നതും.ഏതു സമയത്തും വാഹനങ്ങളുടെ തിരക്കുകാരണം ഓഫീസിലേക്കെത്തുന്നവർ കടുത്ത അപകട ഭീഷണി നേരിടുകയാണ്.നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യത്തെ തുടർന്നാണ് ഓഫീസ് മാറ്റത്തിനായി അധികൃതർ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പദ്ധതി താലൂക്ക് ഓഫീസിൽ സമർപ്പിച്ചപ്പോഴാണ് ഭൂമിയുമായി ബന്ധപ്പെട്ട കുരുക്ക് വെളിവായത്.നിന്ന് തിരിയാൻ പോലും സൗകര്യമില്ലാത്ത വില്ലേജ് ഓഫീസിന് മറ്റു സ്ഥലം കണ്ടെത്തുന്നതുവരെ ജനങ്ങൾ ദുരിതമനുഭവിക്കുക തന്നെ വേണം.