കിണറ്റിൽ മൂന്ന് മരണം: അർച്ചനയുടെ മക്കൾ സർക്കാർ സംരക്ഷണിയിലേക്ക്

Wednesday 15 October 2025 12:11 AM IST

കൊല്ലം: കൊട്ടാരക്കര ആനക്കോട്ടൂരിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥനുൾപ്പടെ മൂന്നുപേർ കിണറ്റിൽ മരിച്ച സംഭവത്തിൽ മരിച്ച അർച്ചനയുടെ മക്കൾ സർക്കാരിന്റെ സംരക്ഷണയിൽ. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ സാന്നിദ്ധ്യത്തിൽ ശിശുക്ഷേമ സമിതി മൂന്ന് മക്കളെയും ഏറ്റെടുത്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മന്ത്രിയും സംഘവും അർച്ചനയുടെ വീട്ടിലെത്തിയത്. അർച്ചനയുടെ ബന്ധുക്കളുമായും കുട്ടികളുമായും മന്ത്രി ഏറെനേരം സംസാരിച്ചു. തുടർന്നായിരുന്നു ഏറ്റെടുക്കൽ നടപടിക്രമങ്ങൾ.

9, 4 ക്ളാസുകളിൽ പഠിക്കുന്ന രണ്ട് പെൺകുട്ടികളെയും ആറാം ക്ളാസിൽ പഠിക്കുന്ന ആൺകുട്ടിയെയുമാണ് ശിശുക്ഷേമ സമിതി ഏറ്റെടുത്ത്. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻദേവ്, സി.ഡബ്ല്യു.സി ചെയർമാൻ സനിൽ.കെ.വെള്ളിമൺ, ശിശുക്ഷേമ സമിതി ട്രഷറർ എൻ.അജിത് പ്രസാദ്, എക്സി.കമ്മിറ്റി അംഗം കറവൂർ.എൽ.വർഗീസ്, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ രഞ്ജിനി എന്നിവർ ചേർന്ന് കുട്ടികളെ ഏറ്റുവാങ്ങി. ഇവരെ കൊല്ലം ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി.

തുടർന്നുള്ള പഠനവും മറ്റ് സൗകര്യങ്ങളുമെല്ലാം സർക്കാരിന്റെ ചുമതലയിൽ നൽകും. ആൺകുട്ടിക്ക് കരാട്ടെയും മൂത്ത പെൺകുട്ടിക്ക് ഡാൻസും തുടർ പഠനം നടത്തുന്നതിനും സൗകര്യമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം വി.സുമലാൽ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിലാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി, മെമ്പർമാരായ ബി.രഞ്ജിനി, കെ.മിനി, പൊതുപ്രവർത്തകരായ ജെ.രാമാനുജൻ, ആർ.പ്രശാന്ത് എന്നിവരും പങ്കെടുത്തു.

തിങ്കളാഴ്ച പുലർച്ചെയാണ് ആനക്കോട്ടൂർ മുണ്ടുപാറ മുകളുവിളഭാഗം സ്വപ്നവിലാസത്തിൽ എം.അർച്ചന (33) വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി ജീവനൊടുക്കിയത്. രക്ഷാ പ്രവർത്തനത്തിനെത്തിയ കൊട്ടാരക്കര ഫയർസ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ തിരുവനന്തപുരം ആറ്റിങ്ങൽ മമതയിൽ (ഹൃദ്യം) സോണി.എസ്.കുമാർ (36), അർച്ചനയുടെ ആൺസുഹൃത്ത് കൊടുങ്ങല്ലൂർ അഴീക്കോട് മാങ്ങാംപറമ്പിൽ ശിവകൃഷ്ണൻ (24) എന്നിവരും മരണപ്പെട്ടിരുന്നു.

രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ സോണി.എസ്.കുമാർ ധീരനാണ്, അഭിമാനമാണ്. ദുഃഖം രേഖപ്പെടുത്തുന്നു. സോണിയുടെ കുടുംബത്തിന് സർക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകും.

കെ.എൻ.ബാലഗോപാൽ, മന്ത്രി