ചില്ലിനരികിൽ കുപ്പി വച്ചതിന് സ്ഥലംമാറ്റം, ചോദ്യംചെയ്‌ത് കെഎസ്‌ആർടിസി ഡ്രൈവറുടെ ഹർജി
Wednesday 15 October 2025 12:23 AM IST
കൊച്ചി: ബസിന്റെ മുൻവശത്തെ ചില്ലിനരികെ പ്ലാസ്റ്റിക് കുപ്പികൾ കണ്ടതിന് ഗതാഗതമന്ത്രി കെ.ബി. ഗണേശ്കുമാറിന്റെ ശാസന നേരിട്ട കെ.എസ്.ആർ.ടി.സി ഡ്രൈവർ ജയ്മോൻ ജോസഫ്, സ്ഥലംമാറ്റത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. മന്ത്രി ഇടപെട്ട് നടത്തിയ സ്ഥലംമാറ്റം നിയമപരമല്ലെന്ന ഹർജി ജസ്റ്റിസ് എൻ. നഗരേഷ് പരിഗണിച്ചെങ്കിലും സത്യവാങ്മൂലം നൽകാൻ എതിർകക്ഷികൾ അഞ്ച് ദിവസത്തെ സമയം തേടി.
ഒക്ടോബർ ഒന്നിന് ആയൂരിലാണ് മന്ത്രി ബസ് തടഞ്ഞത്. പിന്നാലെ ഹർജിക്കാരനെ പൊൻകുന്നം ഡിപ്പോയിൽ നിന്ന് തൃശൂരിലേക്ക് സ്ഥലം മാറ്റി എക്സിക്യുട്ടീവ് ഓഫീസർ ഉത്തരവിറക്കി. ഇതിന് ശേഷം ബസ് ഓടിക്കുമ്പോൾ ജയ്‌മോൻ കുഴഞ്ഞുവീണതിനെ തുടർന്ന് ആദ്യ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചെങ്കിലും ഏഴിന് വീണ്ടും ഉത്തരവിറക്കിയിരുന്നു.