തൃശൂരിൽ റെയിൽവേയുടെ മുഖം മാറ്റാൻ കേന്ദ്ര സർക്കാർ, 10 കോടിയുടെ പദ്ധതി ഉടൻ നാടിന് സമർപ്പിക്കും

Wednesday 15 October 2025 1:06 AM IST

വടക്കാഞ്ചേരി: വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ അമൃത് പദ്ധതിയിലൂടെ ഹൈടെക്കാകുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലായതോടെ ഉദ്ഘാടന സജ്ജമാകുകയാണ് റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ വർഷം മാർച്ച് 30ന് സ്‌റ്റേഷൻ സന്ദർശിച്ച അന്നത്തെ റെയിൽവെ പാസഞ്ചേഴ്സ് അമിനിറ്റി കമ്മിറ്റി (പി.എ.സി) ചെയർപേഴ്സൺ പി.കെ.കൃഷ്ണദാസാണ് വടക്കാഞ്ചേരിയെ അമൃത് ഭാരത് സ്റ്റേഷൻ പട്ടികയിൽ ഉൾപ്പെടുത്തിയതായി പ്രഖ്യാപിച്ചത്. മറ്റ് അമൃത് സ്റ്റേഷനുകളോടൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി സ്റ്റേഷൻ നാടിന് സമർപ്പിക്കും.

ചെലവ് 10 കോടി

വടക്കാഞ്ചേരിയെ അമൃത് പദ്ധതിയിലുൾപ്പെടുത്തി 10 കോടി ചെലവിലാണ് സ്റ്റേഷൻ സജ്ജമാക്കിയത്. ആദ്യഘട്ട പ്രവർത്തനങ്ങളാണ് പൂർത്തിയാകുന്നത്. രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിന് മേൽക്കൂര സ്ഥാപിക്കൽ, കുടിവെള്ളം, വെളിച്ചം, ഇരിപ്പിടം, പ്ലാറ്റ്‌ഫോമിൽ ഫാനുകൾ തുടങ്ങിയവ സ്ഥാപിച്ചു. റിസർവേഷൻ കം അൺ റിസർവ്ഡ് കൗണ്ടർ പുതിയതാക്കി തുറന്നു. ട്രെയിനുകളുടെയും, കോച്ചുകളുടെയും തത്സമയവിവരം നൽകുന്ന ഡിസ്‌പ്ലേ ബോർഡുകളും ശീതീകരിച്ച വിശ്രമ മുറികളും സജ്ജീകരിച്ചു.

ചെറിയ കവാടം അടച്ചുകെട്ടി

സംസ്ഥാനപാതയിൽ നിന്ന് സ്റ്റേഷനിലേക്കുള്ള ചെറിയ കവാടം അടച്ചുകെട്ടി. ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ നിന്ന് സ്റ്റേഷനിലേക്ക് എളുപ്പം പ്രവേശിക്കാവുന്ന ചെറിയകവാടമാണ് മതിൽ നിർമ്മിച്ച് കെട്ടിയടച്ചത്. വടക്കാഞ്ചേരി നഗരസഭ ഉദ്യാനത്തോട് ചേർന്നായിരുന്നു ഈ കവാടം.