കോഴിക്കോട് അവയവമാറ്റ ആശുപത്രി വരുന്നു

Wednesday 15 October 2025 1:33 AM IST

കോഴിക്കോട്: ചേവായൂരിലൊരുങ്ങുന്ന സംസ്ഥാനത്തെ ആദ്യത്തെ അവയവമാറ്റ ആശുപത്രിയുടെ ( ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂഷൻ) പ്രാഥമിക പദ്ധതി രേഖ(ഡി.പി.ആർ) ആരോഗ്യവകുപ്പിന് സമർപ്പിച്ചു.

ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പുതുക്കിപ്പണിയുന്ന ഡെർമറ്റോളജി ഹോസ്പിറ്റലിന്റെയും ആർക്കിടെക്ടച്ചറൽ പ്ലാനുകൾ, ഹോസ്പിറ്റൽ ക്യാമ്പസിന്റെ മാസ്റ്റർ പ്ലാൻ എന്നിവയാണ് നിർവഹണ ഏജൻസിയായ എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവീസസ് ലിമിറ്റഡ് തയ്യാറാക്കിയത്. 643.88 കോടി രൂപയുടെ കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ് ചേവായൂർ ത്വക് രോഗാശുപത്രി വളപ്പിലെ 20 ഏക്കറിൽ ട്രാൻസ്‌പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്. സാങ്കേതിക അനുമതിക്കായുള്ള നടപടികൾ കിഫ്ബി മുഖാന്തിരം നടന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് പ്രവൃത്തി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ 400.21 കോടി, രണ്ടാം ഘട്ടത്തിൽ 183.41 കോടി, 33 കെ.വി പവർ സപ്ലൈ സ്ഥാപിക്കുന്നതിന് 18.52 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിക്കുക. സ്ഥലം കൈമാറുന്നതിന്റെ ഭാഗമായുള്ള ഭൂമി സർവ്വേ റവന്യൂ വകുപ്പ് പൂർത്തിയാക്കി. 30 വർഷത്തേക്ക് സ്ഥലം പാട്ടത്തിനെടുക്കുന്ന നടപടി പുരോഗമിക്കുകയാണ്.

ആറുനിലകളുള്ള കെട്ടിട സമുച്ചയം

ആറുനിലകളുള്ള നാല് ബ്ലോക്കുകളിലായാണ് ഇൻസ്റ്റിറ്റ്യൂട്ട്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം. ആശുപത്രിക്കുപുറമേ ഗവേഷണം,പരിശീലനം, അദ്ധ്യാപനം എന്നിവയുമുണ്ടാകും. ‌219 ജനറൽ കിടക്കകൾ, 42 പ്രത്യേക വാർഡ് കിടക്കകൾ, 58 ഐ.സി.യു കിടക്കകൾ, 83 എച്ച്.ഡി.യു കിടക്കകൾ, 16 ശസ്ത്രക്രിയാമുറികൾ, ഡയാലിസിസ് സെന്റർ, ട്രാൻസ്‌പ്ലാന്റേഷൻ ഗവേഷണകേന്ദ്രം എന്നിവയുൾപ്പെടെ 510 കിടക്കകളുള്ള സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

താത്കാലിക സൗകര്യം ഒരുങ്ങി

ആശുപത്രി പ്രവർത്തനങ്ങൾ താത്കാലികമായി ആരംഭിക്കുന്നതിന് കോഴിക്കോട് കോളേജിൽ പി.എം.എസ്.എസ് ബ്ലോക്കിൽ സൗകര്യം ഒരുക്കി. പ്രൊജക്ട് ഓഫീസും ആരംഭിച്ചു. മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആയ ഹൈറ്റ്സ് സ്ഥാപനത്തിന് അനുമതി നൽകി. 14.40 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക.